

ദൃശ്യം 3 ഹിന്ദി പതിപ്പിന് മലയാളവുമായി യാതൊരു ബന്ധവുമില്ലെന്ന് അജയ് ദേവ്ഗൺ. ചിത്രത്തിൽ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പലരും പറയുന്നതായി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മോഹൻലാല്‍ സാറും മറ്റ് അണിയറപ്രവര്‍ത്തകരും ചിത്രം കണ്ട് അവരുടെ അംഗീകാരം കിട്ടുകയാണെങ്കില്‍ തനിക്ക് ഒരുപാട് സന്തോഷമാകുമെന്നും അജയ് ദേവ്ഗൺ പറഞ്ഞു. ദൃശ്യം 3 ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കവെയാണ് അജയ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഈ വര്‍ഷം പുറത്തിറങ്ങിയ ദൃശ്യത്തിന്റെ മലയാളം മൂന്നാം ഭാഗം വലിയ കളക്ഷനായിരുന്നു ആഗോളതലത്തില്‍ സ്വന്തമാക്കിയത്. മലയാളത്തിന് പുറത്ത് വലിയ സ്വീകാര്യത ലഭിച്ചത് ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിനായിരുന്നു. അജയ് ദേവ്ഗണും ശ്രേയയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഒറിജിനല്‍ ദൃശ്യമെന്ന് പല ഹിന്ദി സിനിമാ പ്രേമികളും അവകാശമുന്നയിക്കുന്ന വിധത്തില്‍ വലിയ സ്വീകാര്യതയായിരുന്നു ബോളിവുഡില്‍ ലഭിച്ചത്. രണ്ടാം ഭാഗത്തിന് പിന്നാലെ ഒക്‌ടോബര്‍ രണ്ടിന് ഹിന്ദി ദൃശ്യത്തിന്റെ മൂന്നാം ഭാഗവും തിയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുകയാണ്.
ഇന്ന് പുറത്തുവന്ന ദൃശ്യം 3യുടെ ട്രെയ്‌ലറാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാനചര്‍ച്ചാവിഷയങ്ങളിലൊന്ന്. ആദ്യഭാഗങ്ങളിലെ പോലെ തന്നെ മലയാളം വേര്‍ഷന്റെ കോപ്പിയായിരിക്കും എന്ന് പലരും കരുതിയിരുന്നെങ്കിലും ഒട്ടേറെ മാറ്റങ്ങളോടെയാണ് ചിത്രം പുറത്തിറങ്ങുന്നത് എന്ന സൂചനയായിരുന്നു ടീസര്‍ നല്‍കിയത്.
മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി അടക്കം ഒട്ടനവധി ഭാഷകളിലേക്കായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗവും മൂന്നാം ഭാഗവും സംവിധായകന്‍ ഒരുക്കിയിരുന്നു. മലയാളം ദൃശ്യം 3യുടെ കോപ്പിറൈറ്റ് അവകാശങ്ങളെല്ലാം പാനോരമ സ്റ്റുഡിയോസ് ഭീമമായ തുകയ്ക്ക് സ്വന്തമാക്കുകയും ചെയ്തിരുന്നു.
Content Highlights: Drishyam 3 hindi version is different from malayalam ajay devgn says