

തമിഴ്‌നാട്ടില്‍ ഇത്തവണ ക്ലാഷ് റിലീസിന് രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് രണ്ടും. നെല്‍സണ്‍ സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമായ ജയിലര്‍ 2, അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്നീ ചിത്രങ്ങളാണിത്.
ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തുമെന്നാണ് നിലവില്‍ വരുന്നത്. ഈ രണ്ട് ചിത്രങ്ങളും ഒന്നിച്ച് തിയേറ്ററിലെത്തിയാല്‍ തമിഴ്‌നാട്ടില്‍ വമ്പന്‍ ക്ലാഷുകള്‍ക്കാണ് വേദിയൊരുങ്ങുക. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല, സംഗീതരംഗത്തും കട്ട ക്ലാഷ് നടക്കും.
തലൈവരും 'ജൂനിയര്‍ തലൈവരും'

ഓം സിനിമയിലെയും ജയിലര്‍ 2വിലെയും നായകര്‍ തമ്മിലാണ് ആദ്യത്തെ ക്ലാഷ്. തലൈവര്‍ രജനികാന്താണ് ജയിലറിനെ നായകനെങ്കില്‍ ധനുഷാണ് ഓംമിലെ നായകന്‍. ഓഫ് സ്‌ക്രീനില്‍ രജനികാന്തിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ പേരില്‍ വിമര്‍ശനവും ഇടക്കെല്ലാം പ്രശംസയും ഒരുപോലെ നേരിടുന്ന താരമാണ് ധനുഷ്. ഇരുവരും ആക്ഷന്‍ പാക്ക്ഡ് ആയ ചിത്രത്തില്‍ നായകരായി എത്തുമ്പോള്‍ ആരുടെ സ്വാഗിനും സ്‌റ്റൈലിനുമാകും കൂടുതല്‍ കയ്യടി ഉയരുക എന്നറിയാനാണ് കാത്തിരിപ്പ്.
നായകരേക്കാള്‍ മാസാകാന്‍ കാമിയോ റോള്‍സ്

സിനിമയിലെ പ്രധാന അഭിനേതാക്കളുടെ പേരുകള്‍ വെച്ചാണ് സാധാരണ ക്ലാഷുകള്‍ വരാറുള്ളതെങ്കില്‍ ഇത്തവണ തമിഴ്‌നാട്ടില്‍ അതിനും മാറ്റം വരുകയാണ്. ഓമിലെയും ജയിലറിലെയും കാമിയോയും എക്‌സ്റ്റന്റഡ് കാമിയോയും ആണ് സൂപ്പര്‍ ക്ലാഷിന് വഴിവെക്കുന്നത്. അതും തമിഴ്‌നാട്ടിലെ ഈ ക്ലാഷിന് കളമൊരുക്കുന്നത് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ഇരുവരും നായകരാകുന്ന മലയാള ചിത്രങ്ങളുടെ ക്ലാഷ് റിലീസ് വന്നിട്ട് കുറച്ച് നാളായി എന്നതും ഈ ക്ലാഷിന് ആകാംക്ഷയേറ്റുന്നുണ്ട്.

ജയിലറിന്റെ ആദ്യ ഭാഗത്തില്‍ മാത്യുവായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പായി മാറിയിരുന്നു. രണ്ടാം ഭാഗത്തിലും അങ്ങനെയൊരു കിടിലന്‍ എന്‍ട്രിക്കായാണ് ഏവരും കാത്തിരിക്കുന്നത്. ഓമിന്റെ ഇതുവരെ വന്ന അപ്‌ഡേറ്റുകളിലെല്ലാം കട്ട സ്വാഗിലാണ് മമ്മൂട്ടിയുടെ ബര്‍മ്മ കാര്‍ത്തികേയനെ അവതരിപ്പിച്ചിരിക്കുന്നത്. കാമിയോക്ക് അപ്പുറം ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ക്യാരക്ടര്‍ ഇന്‍ട്രൊ ടീസര്‍ മമ്മൂട്ടിയുടെ അഭിനയമുഹൂര്‍ത്തങ്ങള്‍ കൂടി ഓം സിനിമയില്‍ ഉണ്ടാകുമെന്ന് വ്യക്തമാകുന്നുണ്ട്.
മ്യൂസിക്കില്‍ വമ്പന്‍ പോരാട്ടം

ഓരോ കാലത്തും സിനിമാ സംഗീതലോകത്ത് ചില സംവിധായകര്‍ തമ്മില്‍ ക്ലാഷുകള്‍ നടക്കാറുണ്ട്. ഓരോ പുതിയ സംഗീത സംവിധായകര്‍ വരുമ്പോഴും തൊട്ടുമുന്‍പ് ട്രെന്‍ഡിങ്ങായ സംവിധായകനുമായുള്ള താരതമ്യം ശക്തമാകും. തമിഴ് സിനിമയില്‍ ഇളയരാജയും റഹ്‌മാനും, റഹ്‌മാനം അനിരുദ്ധും എന്നിങ്ങനെയായിരുന്നു ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ വളരെ സെലിബ്രേറ്റഡായ ചില ക്ലാഷുകള്‍.
ഇപ്പോള്‍ ആ ക്ലാഷ് അനിരുദ്ധും സായ് അഭ്യങ്കറും തമ്മിലാണ്. ഇരുവര്‍ക്കും കൃത്യമായ ഫാന്‍ബേസുണ്ട്, ഇവരുടെ സ്‌ട്രോങ് ഏരിയകള്‍ തമ്മിലും സാമ്യമുണ്ട്. രണ്ട് പേരും ആദ്യ പാട്ട് മുതലേ സെന്‍സേഷണലായി മാറിയവരുമാണ്. ഇപ്പോള്‍ ഇരുവരും തമ്മില്‍ തിയേറ്ററില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാകും മുന്നിലെത്തുക എന്നറിയാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്.
Content Highlights: Mammootty and Mohanlal will face a release clash in Tamil cinema through OM and Jailer 2