മഴയത്ത് ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട മോഹൻലാൽ ചിത്രം, അന്ന് ഇഷ്ടമായില്ല, ഇന്ന് അഭിപ്രായം മാറി: ആസിഫ് അലി

'ഞങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സെല്ലാം കൂടെ ആഘോഷപൂര്‍വ്വമാണ് ആ ഷോയ്ക്ക് പോയത്. ഞങ്ങള്‍ ചെന്ന ഷോയുടെ ടിക്കറ്റ് സോള്‍ഡ് ഔട്ടായിരുന്നു'

മഴയത്ത് ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട മോഹൻലാൽ ചിത്രം, അന്ന് ഇഷ്ടമായില്ല, ഇന്ന് അഭിപ്രായം മാറി: ആസിഫ് അലി
dot image

തിയേറ്ററുകളില്‍ വലിയ വിജയമാകാതെ പോയ ചില ചിത്രങ്ങള്‍ക്ക് പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ പല കഥാപാത്രങ്ങളും സീനുകളും പാട്ടുകളുമെല്ലാം പ്രേക്ഷകരുടെ ഫേവറേറ്റ് ലിസ്റ്റില്‍ കയറിക്കൂടിയിട്ടുമുണ്ട്. അത്തരത്തിലൊരു ചിത്രമാണ് മോഹന്‍ലാല്‍ നായകനായി 2005ല്‍ പുറത്തിറങ്ങിയ ചന്ദ്രോത്സവം.

രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയും നടന്‍ രഞ്ജിത്തുമായിരുന്നു മോഹന്‍ലാലിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാ സാഗര്‍ ഈണം പകര്‍ന്ന ഗാനങ്ങളും അളഗപ്പന്റെ ക്യാമറയുമെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിരുന്നു. മോഹന്‍ലാലിന്റെ ചിറക്കല്‍ ശ്രീഹരിയും മീനയുടെ ഇന്ദുവുമെല്ലാം പലര്‍ക്കും ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

ചെറുപ്പക്കാലത്ത് ചന്ദ്രോത്സവം തിയേറ്ററില്‍ കാണാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ആസിഫ് അലി ഇപ്പോള്‍. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് തനിക്ക് ആദ്യം തോന്നിയതും ഇപ്പോഴുള്ള അഭിപ്രായവുമെല്ലാം അദ്ദേഹം പങ്കുവെക്കുന്നത്. തിയേറ്ററുകളില്‍ വലിയ ആഘോഷമാകുമെന്ന ധാരണയിലാണ് ചന്ദ്രോത്സവം കാണാന്‍ പോയതെന്നും എന്നാല്‍ അങ്ങനെയൊരു ചിത്രമല്ലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചന്ദ്രോത്സവം കാണാന്‍ പോയതിന്റെ ഓര്‍മ ഇന്നും മനസിലുണ്ട്. അന്ന് തൊടുപുഴയില്‍ ടിക്കറ്റ് കിട്ടാന്‍ ഇല്ലായിരുന്നു. അതുകൊണ്ട് മുവാറ്റുപുഴയിലേക്ക് ബസ് കയറി പോയി. ഞങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സെല്ലാം കൂടെ ആഘോഷപൂര്‍വ്വമാണ് ആ ഷോയ്ക്ക് പോയത്. ഞങ്ങള്‍ ചെന്ന ഷോയുടെ ടിക്കറ്റ് സോള്‍ഡ് ഔട്ടായിരുന്നു.

ആ ഷോയുടെ സമയം മുഴുവന്‍ ക്യൂവില്‍ നിന്നു. അന്ന് മഴയും പെയ്തിരുന്നു. ആ മഴയടക്കം കൊണ്ടാണ് ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറിയത്. അകത്ത് കയറി ഷര്‍ട്ടൊക്കെ ഊരിയിട്ടാണ് സിനിമ കണ്ടത്. അന്ന് ഞാന്‍ പ്രതീക്ഷിച്ച രീതിയിലുള്ള സിനിമയായിരുന്നില്ല ചന്ദ്രോത്സവം.

അന്നത്തെ എന്റെ പ്രായത്തിനും പക്വതയ്ക്കും ആസ്വദനരീതിയ്ക്കും അനുസരിച്ച് ഞാന്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല ആ ചിത്രം. അതൊരു ഷോക്കായിരുന്നു. ഒരുപാട് നാള്‍ കഴിഞ്ഞ് ഇന്ന് ആ സിനിമ കാണുമ്പോഴാണ് കൂടുതല്‍ ഇഷ്ടമാകുന്നത്. എന്തുകൊണ്ട് ചന്ദ്രോത്സവം അന്ന് ഇഷ്ടമായില്ല എന്ന് കൂടി ഇന്ന് മനസിലാകുന്നുണ്ട്,' ആസിഫ് അലി പറഞ്ഞു.

Content Highlights: Asif Ali talks about Mohanlal movie Chandrolsavam. Asif Ali says he didn't like the movie much during the release and grew a likeness towards it in later years.

dot image
To advertise here,contact us
dot image