

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിവിൻ പോളിയുടെയും മമിതയുടെയും പ്രകടനത്തിന് കയ്യടികൾ ലഭിക്കുകയാണ്. ഇപ്പോഴിതാ നിവിൻ പോളിയുടെ കരച്ചിലിന് ഭയങ്കര ഫീൽ ആണ് പ്രേക്ഷകരിൽ ലഭിക്കുന്നതെന്ന് പറയുകയാണ് ഗിരീഷ് എ ഡി. സ്ക്രിപ്റ്റിൽ "കരയണം" എന്ന് മാത്രമാണ് എഴുതിയിരുന്നതെന്നും, എന്നാൽ ആ രംഗം ഇത്രത്തോളം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് ഷൂട്ടിംഗ് സമയത്ത് കരുതിയില്ലെന്നും സംവിധായകൻ ഗിരീഷ് എ.ഡി പറഞ്ഞു. നിവിൻ പോളി സ്വന്തം ശൈലിയിൽ ചെയ്ത ആ വൈകാരിക രംഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കരയണം, പുള്ളി കരയണം എന്നാണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ എങ്ങനെയാണ് കരയേണ്ടത് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ‘ ചേട്ടാ കരഞ്ഞാൽ പോരെ, ജസ്റ്റ് കരഞ്ഞാൽ പോരെ എന്നാണ് നിവിൻ ചോദിച്ചത്, കരയു നമുക്ക് നോക്കാം എന്നാണ് ഞാൻ പറഞ്ഞത്. നിവിൻ സ്വന്തം രീതിയിൽ ആ രംഗം അവതരിപ്പിക്കുകയായിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോഴാണ് ആ പ്രകടനം എത്രത്തോളം നന്നായി വന്നിട്ടുണ്ടെന്ന് മനസിലായത്.
എഡിറ്റ് ചെയ്ത് കഴിഞ്ഞ് ഇതിന് ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കൊക്കെ വെച്ച് നോക്കിയപ്പോഴാണ് സംഭവം മനസിലാകുന്നത്. ആ എഡിറ്റും ഫ്രെയിമും ഒക്കെ വന്നപ്പോൾ ഇവരെ രണ്ടുപേരെയും ഐസലേറ്റ് ചെയ്ത് വെച്ചത് നല്ല രസമായിരുന്നു. അത് കാണുമ്പോൾ പുള്ളിയുടെ കരച്ചിലിന് ഭയങ്കര ഫീൽ ആണ്. ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സീൻ എത്രത്തോളം പ്രേക്ഷകരിൽ വർക്ക് ചെയ്യുമെന്ന് എല്ലായ്പ്പോഴും മനസിലാക്കാൻ കഴിയില്ലെന്നതാണ് സിനിമയുടെ പ്രത്യേകത.
ഷൂട്ട് ചെയ്യുമ്പോൾ നമ്മൾ ഇതൊന്നും ഫീൽ ചെയ്യുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. ഇതിന്റെ ഫീൽ ഉണ്ടോ ഇല്ലയോ എന്നുള്ളത് പിന്നീടാണ് അറിയാൻ പറ്റുന്നത്. നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ ചില കോമഡികളൊക്കെ ചിലപ്പോൾ വർക്ക് ആകുമെന്ന് മനസിലാകും. പക്ഷേ ഇതിന്റെ ഫീൽ എങ്ങനെയാണെന്ന് അപ്പോൾ അറിയാൻ പറ്റില്ല. ഒരു രംഗത്തിന്റെ ഷോട്ടുകൾ പല ദിവസങ്ങളിലായി ചിത്രീകരിക്കേണ്ടിവരുന്നതിനാൽ അതിന്റെ പൂർണമായ ഇംപാക്ട് സെറ്റിൽവെച്ച് തിരിച്ചറിയാൻ കഴിയാറില്ല. നിവിന്റെ ഈ രംഗവും മറ്റ് സീനുകൾ ചിത്രീകരിക്കുന്നതുപോലെ സ്വാഭാവികമായാണ് ഷൂട്ട് ചെയ്തത് ഗിരീഷ് പറഞ്ഞു.
Content Highlights: Gireesh A.D. has shared the story behind an emotional scene in Bethlehem Family Unit that moved theatre audiences to tears. He praised Nivin Pauly’s deeply moving performance, particularly his crying in the scene, which became one of the film’s most talked-about emotional moments.