പെട്ടിയിലായ ആ പഴയ പാട്ട്, 30 വർഷത്തിന് ശേഷം തിരികെ എത്തി, ഹിറ്റായി 'യവനകഥയിൽ നിന്നു വന്ന' ഗാനം

പെട്ടിയിലൊതുങ്ങിയ ഗാനം ജനഹൃദയങ്ങൾ കീഴടക്കുന്നു, സോഷ്യൽ മീഡിയ ഭരിച്ച് "യവനകഥയിൽ നിന്നു വന്ന..." ഗാനം

പെട്ടിയിലായ ആ പഴയ പാട്ട്, 30 വർഷത്തിന് ശേഷം തിരികെ എത്തി, ഹിറ്റായി 'യവനകഥയിൽ നിന്നു വന്ന' ഗാനം
dot image

30 വർഷം മുൻപ് പെട്ടിയിലൊതുങ്ങിപ്പോയ ഒരു സിനിമയിലെ ഗാനം മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും കേരളക്കരയെ ഒന്നടങ്കം കീഴ്‌പ്പെടുത്തുന്നു. 1995-ൽ ചിത്രീകരണം ഉപേക്ഷിക്കപ്പെട്ട 'അന്ന' എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ ഈണം പകർന്ന് യേശുദാസും ചിത്രയും ചേർന്ന് പാടിയ "യവനകഥയിൽ നിന്നു വന്ന…" എന്ന പ്രണയഗാനമാണ് 'ബെത്‌ലഹേം കുടുംബയൂണിറ്റ്' എന്ന പുതിയ നിവിൻ പോളി ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

സിനിമയിലെ ഒരു രംഗത്തിൽ മാത്രം വന്നുപോകുന്ന ഈ പഴയ ഗാനം, ഒരു പുതിയ ചാർട്ട്ബസ്റ്റർ ഹിറ്റിനേക്കാൾ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ലളിതാംബിക അന്തർജനത്തിന്റെ മകൻ എം. മോഹനന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യാനിരുന്ന 'അന്ന'യിൽ അരവിന്ദ് സ്വാമിയും മീനയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. ഷിബു ചക്രവർത്തി വരികളെഴുതി അന്നത്തെ ഏറ്റവും ഉയർന്ന സാങ്കേതിക തികവോടെ റെക്കോർഡ് ചെയ്ത ഗാനങ്ങളിൽ ഒന്നായിരുന്നു ഇത്.

'അന്ന' എന്ന ചിത്രം റിലീസാകാതെ പോയതിൽ തനിക്ക് ഏറെ ദുഃഖം തോന്നിയിരുന്നുവെന്ന് സംഗീതസംവിധായകൻ ഔസേപ്പച്ചൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മികച്ച സാഹിത്യകാരൻ കൂടിയായ മോഹനൻ തയാറാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരു നോവൽ പോലെ മനോഹരമായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ട ആത്മമിത്രമായ ഒ.എൻ.വി. കുറുപ്പ് എഴുതണമെന്നായിരുന്നു മോഹനന്റെ ആഗ്രഹം. എന്നാൽ സംവിധായകൻ ജോഷിയുടെ നിർദ്ദേശപ്രകാരം ഗാനരചന ഷിബു ചക്രവർത്തിയെ ഏൽപ്പിക്കുകയായിരുന്നു. ഒ.എൻ.വി. എഴുതാൻ ആഗ്രഹിച്ച വരികൾക്ക് പകരം താൻ എഴുതിയാൽ മോഹനന് അത് ഇഷ്ടപ്പെടുമോ എന്ന സംശയം ഷിബു ചക്രവർത്തിക്ക് ഉണ്ടായിരുന്നു. എന്നാൽ പാട്ടുകളുടെ റെക്കോർഡിങ് പൂർത്തിയായപ്പോൾ, വരികൾ വളരെ നന്നായിട്ടുണ്ടെന്ന് മോഹനൻ തന്നെ നേരിട്ട് പറഞ്ഞ് അഭിനന്ദിച്ചതായി ഷിബു ചക്രവർത്തി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

പാട്ട് റിലീസ് ചെയ്യാൻ വൈകിയപ്പോൾ, "ആ പാട്ടിന്റെ കാര്യങ്ങൾ എന്തായി?" എന്ന് തുടർന്നുള്ള ഏഴ് വർഷത്തോളം യേശുദാസ് ഔസേപ്പച്ചനോട് നിരന്തരം അന്വേഷിച്ചതായി പഴയ അഭുമുഖങ്ങളിൽ പങ്കുവെച്ചായി വാർത്തകൾ ഉണ്ടായിരുന്നു. സിനിമ മുടങ്ങിയെങ്കിലും ഓഡിയോ കാസറ്റുകളിലൂടെ സംഗീതപ്രേമികൾക്കിടയിൽ ഈ പാട്ട് എത്തി. അന്ന് ആ പാട്ടിനെ ആളുകൾ ഏറ്റെടുത്തിരുനെങ്കിലും പിന്നീട് പ്രേകഷർ മറന്നിരുന്നു. ഇപ്പോൾ വീണ്ടും പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിൽ ഓണം റീലുകൾ ഭരിക്കുകയാണ് 'യവന കഥയിൽ നിന്നു വന്ന ഇടയ കന്യകേ' എന്ന ഗാനം.

നേരത്തെ 'ദേവദൂതൻ' എന്ന ചിത്രത്തിലെ "ദേവദൂതർ പാടി…" എന്ന ഗാനം 'എന്നാ താൻ കേസ് കൊട്', 'രേഖാചിത്രം' തുടങ്ങിയ സിനിമകളിലൂടെയും റീൽസുകളിലൂടെയും പുതിയ തലമുറ ഏറ്റെടുത്ത് ട്രെൻഡിംഗ് ആക്കിയിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോൾ ഔസേപ്പച്ചന്റെ "യവനകഥയിൽ…" എന്ന ഗാനവും നിവിൻ പോളി ചിത്രത്തിലൂടെ തീയേറ്ററുകളെ ഇളക്കിമറിക്കുന്നത്. നല്ല സംഗീതത്തിന് കാലഹരണപ്പെടലില്ലെന്നും, അവ എപ്പോഴെങ്കിലും വീണ്ടും ജനഹൃദയങ്ങളിലേക്ക് തിരികെയെത്തുമെന്നും അടിവരയിടുകയാണ് ഈ ഗാനത്തിന് ലഭിക്കുന്ന സ്വീകാര്യത.

Content Highlights: A song from the movie Anna is finding a new audience and becoming a hit again after 30 years. The renewed popularity comes after the song gained attention through Nivin Pauly's Bethlehem Kudumba Unit, bringing the nostalgic Malayalam track back into the spotlight.

dot image
To advertise here,contact us
dot image