നിങ്ങള്‍ക്ക് ആരും തടസമല്ല, ഓടിയെത്താന്‍ പറ്റാത്ത അകലവുമില്ല'; വിദ്യാര്‍ഥിനികളോട് നിവിന്‍ പോളി

കോളേജില്‍ തന്റെ പുതിയ ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' പ്രൊമോഷനുമായി എത്തിയപ്പോഴായിരുന്നു നിവിന്റെ പ്രസംഗം

നിങ്ങള്‍ക്ക് ആരും തടസമല്ല, ഓടിയെത്താന്‍ പറ്റാത്ത അകലവുമില്ല'; വിദ്യാര്‍ഥിനികളോട് നിവിന്‍ പോളി
dot image

കൊച്ചി സെന്റ് തെരേസാസ് വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ പ്രചോദിപ്പിക്കുന്ന പ്രസംഗവുമായി നടന്‍ നിവിന്‍ പോളി. കോളേജില്‍ തന്റെ പുതിയ ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റ്' പ്രൊമോഷനുമായി എത്തിയപ്പോഴായിരുന്നു നിവിന്റെ പ്രസംഗം. അറിഞ്ഞോ അറിയാതെയോ ഒട്ടേറെ നിയന്ത്രണങ്ങളിലൂടെ കടന്നുപോകുന്നവരാണ് പെണ്‍കുട്ടികള്‍ എന്ന് നിവിന്‍ പോളി ചൂണ്ടിക്കാട്ടി. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് ഓടിയെത്താന്‍ പറ്റാത്ത അകലങ്ങളും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരങ്ങളും ചാടിക്കടക്കാന്‍ പറ്റാത്ത തടസ്സങ്ങളുമില്ലെന്ന് നിവിന്‍ പോളി പറഞ്ഞു. നിവിന്റെ വാക്കുകളെ ആവേശത്തോടെയാണ് വിദ്യാര്‍ഥിനികള്‍ എതിരേറ്റത്.

മലര്‍വാടി ആര്‍ട്സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തില്‍ പരിക്കേറ്റ് കിടക്കുമ്പോള്‍, പൗലോ കൊയ്ലോയുടെ 'ദി ആല്‍ക്കമിസ്റ്റ്' എന്ന നോവല്‍ വായിച്ചതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് നിവിന്‍ പോളി ഓര്‍ത്തെടുത്തു. 'ആല്‍ക്കമിസ്റ്റ് എന്ന പുസ്തകം എന്നെ സ്വാധീനിച്ചു. ഓഡിഷന് പോകണോ, സിനിമയില്‍ പരിചയക്കാരില്ലല്ലോ, പോവേണ്ട ആവശ്യമുണ്ടോ എന്നൊക്കെ ആലോചിച്ച് സ്വയം സംശയിച്ചുനിന്ന സമയത്ത് എനിക്ക് ധൈര്യം തന്നത് ആ പുസ്തകമാണ്. ഞാന്‍ രണ്ടും കല്‍പിച്ച് ഓഡിഷന് പോയി ധൈര്യത്തോടെ പങ്കെടുത്തു. ഞാന്‍ ആദ്യമായി വിനീതിനെ കാണുന്നത് അവിടെവെച്ചാണ്. ക്യാമറയെ അഭിമുഖീകരിക്കുന്നതും ആദ്യമായി ആയിരുന്നു. ഞാന്‍ എന്തോ ചെയ്തു. എന്നെ സെലക്ട് ചെയ്തു. എനിക്ക് ആ സിനിമ ലഭിച്ചു. അതുകൊണ്ട് എനിക്ക് ഇവിടെ വന്ന് നില്‍ക്കാന്‍ സാധിക്കുന്നു', നിവിന്‍ പോളി പറഞ്ഞു.

'സ്റ്റേജില്‍ കയറാന്‍ പേടിയുള്ള ഞാന്‍ എന്തുകൊണ്ടാണ് ഓഡിഷന് പോകാന്‍ തീരുമാനിച്ചത് എന്ന് ഞാന്‍ വീട്ടില്‍ തിരിച്ചെത്തി ആലോചിച്ചു. ആല്‍ക്കമിസ്റ്റില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാള്‍ക്ക് അറിയില്ല. അന്ന് ഒഡിഷനില്‍ ഞാന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നില്‍ക്കുന്നത്. നിങ്ങളുടെ സ്നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാന്‍ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്', നടന്‍ അഭിപ്രായപ്പെട്ടു.

'ജീവിതത്തില്‍ പല സാഹചര്യങ്ങള്‍ വരും. സ്വയം സംശയിക്കും. പേടി തോന്നും. പങ്കെടുത്താല്‍ കളിയാക്കുമോ, ട്രോളുമോ എന്നെല്ലാം സ്വയം സംശയിക്കും. അങ്ങനെ സംശയമുണ്ടാവുമ്പോള്‍ നിങ്ങള്‍ ഒരു തീരുമാനം എടുക്കണം, പങ്കെടുക്കുക. അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുക വളരെ വലിയ മാറ്റങ്ങളാണ്. എന്റെ ജീവിതത്തില്‍നിന്ന് ഞാന്‍ പഠിച്ച കാര്യമാണ് അത്', നിവിന്‍ പറഞ്ഞു.

'ഒരു ക്ലാസിലെ മികച്ച വിദ്യാര്‍ഥിക്ക് മികച്ച അധ്യാപകര്‍ ആവുന്നതിന് ഒപ്പം തന്നെ, ആ ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളുടേയും മികച്ച ഗുരുക്കന്മാരാകാന്‍ നിങ്ങള്‍ക്ക് സാധിക്കണം. മുമ്പോട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ക്ക് പിന്തുണയും പ്രചോദനവും നല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം', അധ്യാപകരോട് നിവിന്‍ അഭ്യര്‍ഥിച്ചു.

'ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ കോളേജ് ലൈഫിലേതാണ്. വളരെ മികച്ചൊരു കാലഘട്ടത്തിലൂടെയാണ് നിങ്ങള്‍ കടന്നുപോവുന്നത്. ജീവിതത്തില്‍ എവിടേക്കെങ്കിലും തിരിച്ചുപോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കോളേജ് കാലഘട്ടമാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത സമയമാണ് കോളേജ് കാലഘട്ടം. കോളേജ് കാലഘട്ടം അടിപൊളിയായി, സന്തോഷത്തോടെ ജീവിക്കുക', നിവിന്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.

'അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍. ചില കാര്യങ്ങള്‍ ചെയ്യരുത്, ചിലയിടങ്ങളില്‍ പോവാന്‍ പാടില്ല, ചില വസ്ത്രങ്ങള്‍ ഇടാന്‍ പാടില്ല, നേരത്തെ വീട്ടില്‍ കയറണം. അറിഞ്ഞോ അറിയാതെയോ വീട്ടില്‍നിന്നും കോളേജില്‍നിന്നും താമസിക്കുന്ന ഹോസ്റ്റലുകളില്‍നിന്നും നിയന്ത്രണങ്ങള്‍ നേരിടുന്നുണ്ട്. നിങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത ഒരു അകലവുമില്ല, നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാന്‍ പറ്റാത്ത തടസ്സങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക. സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്നത്തിനും വേണ്ടി പ്രവര്‍ത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാന്‍ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോവുക', നിവിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Nivin Pauly tells students that nothing stands in the way of soaring to great heights

dot image
To advertise here,contact us
dot image