വിജയ്‌യുമായി വിവാഹ മോചനം വേണ്ട; ഭാര്യ സംഗീത ഹര്‍ജി പിന്‍വലിച്ചതായി കോടതി

ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്

വിജയ്‌യുമായി വിവാഹ മോചനം വേണ്ട; ഭാര്യ സംഗീത ഹര്‍ജി പിന്‍വലിച്ചതായി കോടതി
dot image

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചതായി ചെങ്കല്‍പട്ട് കുടുംബ കോടതി. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ടായിരുന്നു.

അതേസമയം, സംഗീതയും വിജയ്യും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ലണ്ടനിലായിരുന്ന സംഗീത ഇതിനകം ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വിജയ്യോ സംഗീതയോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 22ന് വിജയ്യുടെ ജന്മദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള ഊഹാപോഹങ്ങളും ശക്തമാണ്.

വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും ഭാര്യ സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. വിജയ്യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും സംഗീതയേയും മക്കളെയും കണ്ടിട്ടില്ല. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിച്ചിരുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.

1998-ല്‍ യുകെയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്.

Content Highlights: No divorce from Vijay; the court stated that his wife, Sangeetha, has withdrawn her petition. Sangeetha had filed the divorce petition in February.

dot image
To advertise here,contact us
dot image