

ചെന്നൈ: കാവേരി നദീജല വിഷത്തില്‍ തമിഴ്‌നാട് നിയമസഭയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സര്‍ക്കാര്‍ കത്തെഴുതിയിട്ടുണ്ടെന്നും സഭയിൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയത്. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ കര്‍ണാടകയുമായുള്ള കാവേരി ജലതര്‍ക്കത്തിലും മേക്കെദാട്ടു അണക്കെട്ട് പദ്ധതിയിലും സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വിജയ്‌യുടെ മറുപടി. പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കാവേരി നദിയിലെ ജലത്തിന്‍മേലുള്ള തമിഴ്നാടിന്റെ അവകാശത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'സര്‍വകക്ഷി യോഗം വിളിക്കേണ്ട യാതൊരു ആവശ്യവുമില്ല. മേക്കെദാട്ടു ഡാം വിഷയത്തില്‍ രാഷ്ട്രീയം കളിക്കണ്ട. എന്താണോ നമ്മുടെ നിലപാട് അത് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. നദീജല തര്‍ക്കമായാലും ഡാം വിഷയമായാലും അതിന്‍മേലുള്ള അവകാശത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പഴയ ചരിത്രം പറഞ്ഞ് വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ താത്പര്യമില്ല. രാഷ്ട്രീയപരമായി ആര് നേട്ടമുണ്ടാക്കുമെന്നതും ഈ വിഷയത്തിന്റെ 'ക്രെഡിറ്റ്' ആര് ഏറ്റെടുക്കും എന്നൊന്നും ആരും ചിന്തിക്കണ്ട', മുഖ്യമന്ത്രി സി ജോസഫ് വിജയ് സഭയില്‍ പറഞ്ഞു.
'കാവേരി വിഷയത്തില്‍ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ നിങ്ങള്‍(പ്രതിപക്ഷം) ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണ്. നിയമപരമായ രീതിയില്‍ കാവേരി വിഷയത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനം'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാവേരി നദിയില്‍ മേക്കെദാട്ടു ഡാം പണിയാനുള്ള കര്‍ണാടകയുടെ നീക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ഡിഎംകെ കഴിഞ്ഞ കുറച്ച് നാളുകളായി ആവശ്യപ്പെടുന്നുണ്ട്.
മേക്കെദാട്ടു അണക്കെട്ട് തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ നടപ്പാക്കാന്‍ അനുമതി നല്‍കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. പദ്ധതി പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും, കാവേരി വന്യജീവി സങ്കേതത്തിന്റെ ഭാഗങ്ങളുള്‍പ്പെട്ട 5000 ഹെക്ടറിലധികം ഭൂമി വെള്ളത്തിനിടയിലാകും, റിസര്‍വ് വനങ്ങളും വന്യജീവി ആവാസ വ്യവസ്ഥകളും വെള്ളത്തിനടിയിലാകും, പദ്ധതി വന്നാല്‍ തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് മുമ്പ് നദിയുടെ ഒഴുക്കിനെ ബാധിക്കും, ജലപ്രവാഹത്തിന്മേല്‍ പൂര്‍ണ നിയന്ത്രണം കര്‍ണാടകത്തിനാകും തുടങ്ങിയ കാര്യങ്ങളാണ് തമിഴ്‌നാട് ആശങ്കയായി ഉയര്‍ത്തിക്കാട്ടുന്നത്.
കര്‍ണാടക സര്‍ക്കാര്‍ കാവേരി നദിക്ക് കുറുകെ നിര്‍ദേശിച്ചിരിക്കുന്ന ജലവൈദ്യുത - കുടിവെള്ള പദ്ധതിയാണ് മേക്കേദാട്ടു ഡാം. തലസ്ഥാന നഗരത്തിലേക്കുള്ള കുടിവെള്ളവും വൈദ്യുതി ഉത്പാദനവുമാണ് പ്രധാന ലക്ഷ്യം. 14,000കോടിയുടെ ഒരു മള്‍ട്ടി പര്‍പ്പസ് ബാലന്‍സിംഗ് റിസര്‍വോയറാണിത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപമാണ് കാവേരി നദിയില്‍ ഡാം നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ആയിരം ദശലക്ഷം ഘന അടി വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ഈ അണക്കെട്ടിന് 99 മീറ്റര്‍ ഉയരവും 735 മീറ്റര്‍ നീളവും ഉണ്ടാകും. 400 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു ഭൂഗര്‍ഭ പവര്‍ ഹൗസും ഈ പദ്ധതിയിലുണ്ട്.
Content Highlights: Tamil Nadu Chief Minister stated that politics should not be brought into the Cauvery dispute. Udhayanidhi Stalin criticized the matter, highlighting the state’s position on the issue. The remarks came amid discussions related to the long-standing Cauvery water dispute.