

തിയേറ്ററിൽ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തിൽ നസ്ലെൻ നായകനായി എത്തിയ പ്രേമലു. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. അടുത്തിടെയാണ് ചിത്രം ഏറെക്കുറെ ഉപേക്ഷിച്ചെന്ന കാര്യം നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ അറിയിച്ചത്. ഇപ്പോഴിതാ അതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നസ്‍ലെന്‍.
‘പ്രേമലു 2 ഒഫീഷ്യലി ക്യാൻസൽ ചെയ്തല്ലോ. അത് ദിലീഷേട്ടൻ പറഞ്ഞിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ അത് പെർഫെക്റ്റ് ലാൻഡിങ്ങിൽ എത്തിയില്ല. ഭാവിയിൽ ചിലപ്പോൾ ഉണ്ടാകാം. ഇപ്പോൾ എന്തായാലും ക്യാൻസൽ ചെയ്തു. സ്‌ക്രിപ്റ്റിന്റെ ഒരു പെർഫെക്ഷൻ ലഭിക്കാത്തതുകൊണ്ടാണ് പ്രോജക്ട് അവസാനിപ്പിച്ചത്,’ നസ്‌ലെൻ പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.
അതേസമയം, സൂര്യയെ നായകനാക്കി ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ47, മലയാളത്തിലെ സ്‌റ്റൈലിഷ് സംവിധായകനായ അമല്‍ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂസ്, മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ തുടങ്ങിയ സിനിമകളാണ് നസ്‌ലന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Malayalam actor Nazlen K Gafoor has opened up about the fate of Premalu 2, one of the most anticipated sequels in recent Malayalam cinema. Speaking about the project, Nazlen revealed that the makers decided not to proceed with the sequel as originally planned.