'മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതു മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്': പി അബ്ദുൽ ഹമീദ്

മുഖ്യമന്ത്രി പ്രഖ്യാപനം അനന്തമായി നീണ്ടു പോകുന്നതിലുള്ള ഒരു ന്യായീകരണവും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതികരണം

'മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതു മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്': പി അബ്ദുൽ ഹമീദ്
dot image

മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതു മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പലരും ഇക്കാര്യമുയർത്തി ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതു മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പ്രഖ്യാപനം നീണ്ടുപോകുന്നതിലുള്ള പ്രയാസം എല്ലാവരും പറയുന്നുണ്ട്. ഇക്കാര്യം പറഞ്ഞ് ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ ചോദിക്കുന്നുണ്ട്. കവലകളിലും കല്യാണ ചടങ്ങുകളിലും മരണ വീടുകളിലും അടക്കം പോകുമ്പോൾ ആളുകൾ ചോദിക്കുന്നത് ഇതേ കാര്യമാണ്. തെരെഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച വിജയത്തിന്റെ മാറ്റ് കുറക്കുന്ന വിഷയമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം അനന്തമായി നീണ്ടു പോകുന്നതിലുള്ള ഒരു ന്യായീകരണവും അംഗീകരിക്കാൻ കഴിയില്ല. വിഷയത്തിൽ വിവിധയിടങ്ങളിൽ വലിയ അമർഷമുണ്ട്. യുഡിഎഫ് സർക്കാർ വന്ന് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. മുഖ്യമന്ത്രിയെ എത്രയും വേഗത്തിൽ പ്രഖ്യാപിക്കണം. യുഡിഎഫിന്റെ വലിയ വിജയത്തിന്റെ ശോഭ കെടുത്തുന്ന കാര്യമാണ് ഈ പ്രതിസന്ധി' എന്നാണ് അബ്ദുൽ ഹമീദ് പറഞ്ഞത്. റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിലാണ് അബ്ദുൽ ഹമീദ് ഇക്കാര്യങ്ങൾ പറഞ്ഞത്.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഇന്നേയ്ക്ക് ഒരാഴ്ചയായി, എന്നിട്ടും മുഖ്യമന്ത്രി പ്രഖ്യാപനമില്ലാതെ രാഷ്ട്രീയ കേരളം അനിശ്ചിതത്തത്തിൽ തുടരുകയാണ്. തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരം തിരിച്ച് പിടിച്ചെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തിൽ മാത്രം തിരുമാനം ആയില്ല. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. മൂന്ന് പക്ഷത്തിന് നിന്ന് അണികൾ മുഖ്യമന്ത്രിക്കായി പോരാടുകയാണ്.

വിഷയത്തിൽ ഹൈക്കമാൻഡ് തിരുമാനം എടുക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. 10 വർഷമായി അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് അത് തിരിച്ച് പിടിച്ചിട്ടും മുഖ്യമന്ത്രി പദത്തിനായി പരസ്പരം പോർവിളിക്കുകയാണെന്നാണ് ആരോപണം. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡും പറഞ്ഞതോടെ വിമർശനങ്ങൾ ശക്തമായി.

Content Highlights: Muslim League expresses deep dissatisfaction over delay in CM's announcement

dot image
To advertise here,contact us
dot image