പണി നടക്കുന്നുണ്ട്, ഐഡിയ എനിക്ക് ഇഷ്ടമായി അതിനി തിരക്കഥയായി മാറണം; ജന ഗണ മന 2 കുറിച്ച് പൃഥ്വിരാജ്

ജന ഗണ മനയുടെ രണ്ടാം ഭാഗത്തേക്കാൾ ഞാൻ അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥന്റെ കഥയുടെ തുടർച്ച എന്ന തരത്തിൽ എന്നോട് കഥ പറഞ്ഞിരുന്നു

പണി നടക്കുന്നുണ്ട്, ഐഡിയ എനിക്ക് ഇഷ്ടമായി അതിനി തിരക്കഥയായി മാറണം; ജന ഗണ മന 2 കുറിച്ച് പൃഥ്വിരാജ്
dot image

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച സിനിമയാണ് ജനഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിച്ച സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് പൃഥ്വിരാജ്. ടൊവിനോ നായകനായി എത്തിയ പള്ളിച്ചട്ടമ്പിയുടെ പ്രെസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.

'ജന ഗണ മനയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ ഷാരിസും ഡിജോയും അതിന്റെ രണ്ടാം ഭാഗത്തിന്റെ ഐഡിയ പറഞ്ഞിരുന്നു. അങ്ങനെ ഒരു ഐഡിയ അവർ പറയാതെ ഞാൻ വന്നിരുന്നു സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് പറയില്ലല്ലോ. ഞാൻ എഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്ത സിനിമ അല്ലല്ലോ അത്, നിർമിക്കുക മാത്രമാണ് ചെയ്തത്. ജന ഗണ മനയുടെ രണ്ടാം ഭാഗത്തേക്കാൾ ഞാൻ അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥന്റെ കഥയുടെ തുടർച്ച എന്ന തരത്തിൽ എന്നോട് പറഞ്ഞിരുന്നു. എന്നോട് പത്ത് മിനിറ്റ് കൊണ്ട് പറഞ്ഞ സാധനം എനിക്ക് വളരെ രസകരമായി തോന്നിയിരുന്നു. അതിനി തിരക്കഥയായി എഴുതി വരണം', പൃഥ്വിയുടെ വാക്കുകൾ.

ഇതിന് മറുപടിയുമായി സംവിധായകൻ ഡിജോ ജോസ് ആന്റണിയും എത്തി. സിനിമയുടെ പണി നടക്കുന്നുണ്ട് എന്നാണ് ഡിജോ പറഞ്ഞത്. സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹൻദാസ്, വിൻസി, ഷമ്മി തിലകൻ തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് ജന ഗണ മന. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമിച്ചത്. ജേക്സ് ബിജോയ് ആണ് സംഗീതം.

പള്ളിച്ചട്ടമ്പിയിൽ കാമിയോ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിലെ പൃഥ്വിയുടെ കാമിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ ലുക്കിനും കയ്യടി ലഭിക്കുന്നുണ്ട്. ഇതേ ലുക്കിൽ പൃഥ്വിയുടെ ഒരു ആക്ഷൻ സിനിമ വന്നാൽ കലക്കും എന്നാണ് കമന്റുകൾ. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി'. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും ജേക്ക്‌സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും ചേര്‍ന്നാണ് 'പള്ളിച്ചട്ടമ്പി' നിര്‍മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറും ചേര്‍ന്നാണ് സഹനിര്‍മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights: Prithviraj and Dijo talks about Janagana mana sequel

dot image
To advertise here,contact us
dot image