

പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനവുമായി ഗായിക ചിന്മയി. 2018-ൽ, വ്യത്യസ്ത പ്രായത്തിലുള്ള നിരവധി സ്ത്രീകൾ വൈരമുത്തുവിനെ ലൈംഗിക പീഡകനായി പ്രഖ്യാപിച്ചു. ഇപ്പോൾ വൈരമുത്തുവിന് ജ്ഞാനപീഠം നൽകി ആദരിക്കുന്നു. വൈരമുത്തുവിന് എതിരെ ഉയർന്ന സ്ത്രീകളുടെ കൂട്ടായ ശബ്ദങ്ങൾ നിശബ്ദമാക്കപ്പെട്ടു എന്ന് ചിന്മയി കുറിച്ചു.

‘കേന്ദ്ര സർക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു നിരന്തര ലൈംഗികാതിക്രമിയുടെ കൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു എന്നതൊഴിച്ച് എനിക്ക് മറ്റൊന്നും പറയാനില്ല. നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങൾ, കരിയർ, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ.’ ചിന്മയിയുടെ വാക്കുകൾ.
തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പുരസ്കാരത്തിന് അർഹനാകുന്ന തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് വൈരമുത്തു. മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വൈരമുത്തുവിനെതിരെ 2018ൽ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളായിരുന്നു ചിന്മയി.
Content Highlights: Singer chinmayi against vairamuthus's jnanapith award