മരിച്ചുപോയ ആൾക്ക് പോലും സമാധാനം കൊടുക്കുന്നില്ല, കുത്തിനോവിക്കുന്ന ക്രൂരത; വീഡിയോയുമായി അമൃതയും അഭിരാമിയും

'ഒരാൾ പറഞ്ഞതിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് പുതിയ കഥയുണ്ടാക്കിയപ്പോൾ, എല്ലാവരും അത് വിശ്വസിക്കുന്നത് കാണുമ്പോൾ വേദനയുണ്ടാകുന്നു'

മരിച്ചുപോയ ആൾക്ക് പോലും സമാധാനം കൊടുക്കുന്നില്ല, കുത്തിനോവിക്കുന്ന ക്രൂരത; വീഡിയോയുമായി അമൃതയും അഭിരാമിയും
dot image

തങ്ങൾക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സ്വന്തം പിതാവിനെ അവസാന കാലത്ത് അനാഥാശ്രമത്തിൽ തള്ളിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടാണ് ഇരുവരും പ്രതികരിച്ചത്. ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്ന ഈ വാർത്ത വ്യാജമാണെന്ന് അമൃതയും അഭിരാമിയും വ്യക്തമാക്കി. അച്ഛന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കുടുംബത്തെ ഇതുപറഞ്ഞ് കുത്തിനോവിക്കരുതെന്ന് ഇരുവരും അഭ്യർഥിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് അമൃതയും അഭിരാമിയും പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാർത്തയെക്കുറിച്ച് സംസാരിക്കാനാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബ കാര്യമാണ്. അതിൽ ഒരു വ്യക്തത വരുത്താനും മുന്നോട്ട് ഇനി ഇക്കാര്യത്തിൽ അനാവശ്യമായ ചർച്ചകൾ ഉണ്ടാകാതിരിക്കാനുമാണ് ഞങ്ങൾ നേരിട്ടെത്തി വ്യക്തത വരുത്തുന്നത്.

ഞങ്ങളുടെ അച്ഛന്റെ അവസാന സമയത്ത് അദ്ദേഹം അനാഥാശ്രമത്തിൽ ആയിരുന്നു, ഞങ്ങൾ അച്ഛനെ അനാഥാലയത്തിൽ തള്ളി എന്നൊക്കെയാണ് ഇന്നലെ പുറത്തു വന്ന വാർത്തകൾ. നമ്മളെ സപ്പോർട്ട് ചെയ്യുന്ന പോലെയാണ് ആ വീഡിയോ ആ യുട്യൂബ് ചാനലിലെ ചേച്ചി ചെയ്തിരിക്കുന്നത്. പക്ഷെ അതിന്റെ തമ്പ്നെയിൽ ഒക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു ചർച്ചയിൽ നിന്ന് ചെറിയൊരു ഭാഗം വെട്ടിയെടുത്ത്, മനപ്പൂർവ്വം ഒരു ചർച്ചാവിഷയമാക്കാൻ ചെയ്തിരിക്കുന്ന വീഡിയോ ആണത്. ഇതിന്റെ ബാക്കിയായി, പലരും ഈ വിഷയം എടുത്ത് റിയാക്ഷൻ വീഡിയോ ചെയ്തു. സമൂഹമാധ്യമത്തെയും വ്ലോഗർമാരെയുമൊക്കെ ബഹുമാനിക്കുന്നു. പക്ഷേ ഒരു കുടുംബത്തെ വേദനിപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ഒരു കുടുബത്തെപ്പറ്റി ഇത്രവലിയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇങ്ങനെ രണ്ട്, നാല് വാക്കുകൾ ഉപയോഗിച്ചല്ല വിധിക്കേണ്ടത്. അതിൽ സത്യമുണ്ടോ എന്ന് അന്വേഷിച്ച ശേഷം മാത്രം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുക.

ഞങ്ങളുടെ അച്ഛൻ സമൂഹത്തിലെ പല സംഘടനകളുമായും ഇടപഴകുന്ന വ്യക്തിയാണ്. ഞങ്ങൾ വളർന്നുവന്ന കാലത്തെല്ലാം ഈ ആശ്രമവും കാര്യങ്ങളുമായി ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ചർച്ചയിൽ പറയുന്ന ആശ്രമത്തിൽ ഞാനും അഭിരാമിയും അമ്മയും അച്ഛനുമെല്ലാം ഒരുപാട് തവണ പോയിട്ടുണ്ട്. അച്ഛൻ ഇതുപോലെ പല സംഘടനകളുടെയും ഭാഗമാണ്. അവരെ സംഗീതം പഠിപ്പിക്കുക, സ്റ്റേജിലേക്ക് കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളൊക്കെ അച്ഛൻ വളരെ ഇഷ്ടത്തോടെ ചെയ്തിരുന്നതാണ്. അച്ഛന്റെ തീരുമാനങ്ങളെയും ഇഷ്ടങ്ങളെയും ഞങ്ങൾ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. ഞങ്ങൾ അതിലൊക്കെ പങ്കാളികളായിട്ടേയുള്ളൂ.

ഞങ്ങളുടെ ദൈനംദിന ജീവിതം വ്ലോഗായി കാണുന്നവരാണ് നിങ്ങൾ. എന്നിട്ടും ഒരാൾ പറഞ്ഞതിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് പുതിയ കഥയുണ്ടാക്കിയപ്പോൾ, എല്ലാവരും അത് വിശ്വസിക്കുന്നത് കാണുമ്പോൾ വേദനയുണ്ടാകുന്നു. ഞങ്ങൾക്ക് അത് ശീലമായെങ്കിലും അമ്മയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് കുടുംബത്തിന് മുഴുവൻ വേദനയുണ്ടാക്കുന്ന കാര്യമാണ്.

ഇക്കാര്യത്തിൽ ഇനിയും വ്യാജവാർത്ത പ്രചരിപ്പിക്കാനും മോശമായ പരാമർശങ്ങൾ നടത്താനുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾ നിയമ നടപടികളിലേക്ക് കടക്കും. സഹികെട്ടതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മരിച്ചുപോയൊരു ആൾക്കുപോലും സമാധാനം കൊടുക്കില്ല എന്ന ഉദ്ദേശ്യത്തോടെ ഉപദ്രവിക്കുന്നത് ക്രൂരതയാണ്. ചാഞ്ഞ മരമായതുകൊണ്ട് ഓടിക്കയറാമെന്ന് വിചാരിക്കരുത്. ഇതിന്റെ പേരിൽ ഇനി ഞങ്ങൾ അഹങ്കാരികളാണ് പറയുമായിരിക്കും. നിങ്ങളുടെ വീട്ടിലെ ആരെയെങ്കിലും കുറിച്ച് ഇങ്ങനെ പറയുന്നതു കേൾക്കുമ്പോഴായിരിക്കും നിങ്ങൾക്ക് ആ വേദന മനസ്സിലാകുന്നത്.

ഞങ്ങളുടെ അച്ഛനെയും അമ്മയെയും ഞങ്ങൾ പൊന്നുപോലെയാണ് നോക്കിയിട്ടുള്ളതും ഇപ്പോൾ നോക്കുന്നതും. അവരെ എങ്ങനെ നോക്കണമെന്ന് ഞങ്ങളെ ആരും പഠിപ്പിച്ചുതരേണ്ട കാര്യമില്ല. ഇത്രയും കഷ്ടപ്പെട്ട് വിഡിയോ തപ്പിപ്പിടിച്ച് വ്യാജമായ കാര്യങ്ങൾ കണ്ടന്റ് ആക്കിയ യുട്യൂബർക്കെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കും. നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്.

പിന്നെ പഴയ ബന്ധങ്ങളൊക്കെ കൂട്ടിക്കുഴച്ച് വാർത്തയുണ്ടാക്കുന്നതൊക്കെ ദയവുചെയ്ത് നിർത്തണം. എന്തുപറഞ്ഞാലും ഇതൊക്കെയെടുത്തിടുന്നത് നിർത്തണം. ഞങ്ങളുടെ ജീവിതംവച്ച് പരമാവധി കണ്ടന്റ് ഉണ്ടാക്കിക്കഴിഞ്ഞില്ലേ. ഇനിയും ഇവരെ എന്തുപറയും എന്നാലോചിച്ച് പുതുതായി ഓരോന്ന് കണ്ടുപിടിക്കുന്ന പ്രവണത നിർത്തണം.

അച്ഛന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് ഞങ്ങൾ കരകയറുന്നതേയൂള്ളൂ. ആ വിഷയം തന്നെയെടുത്ത് കുത്തിനോവിക്കുന്നത് ക്രൂരതയാണ്. ഇനിയിതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി മറ്റാർക്കും വേണ്ട. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിടണം'.

Content Highlights: Amritha Suresh and sister post a video against a fake news related to her family

dot image
To advertise here,contact us
dot image