

മലയാളത്തിൽ നിരവധി ആരാധകരുള്ള സംവിധായകൻ ആണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകൾ ആണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. കോമഡി ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകർക്ക് ഇൻഡസ്ട്രിയിൽ ബഹുമാനം ലഭിക്കില്ലെന്നും ഗൗരവമേറിയ ചിത്രങ്ങളെടുക്കുമ്പോഴാണ് ഒരു സംവിധായകൻ എന്ന നിലയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ഭൂത് ബംഗ്ലായുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് ഗൗരവമുള്ള സിനിമകൾ ചെയ്യാൻ ആണ് ഇഷ്ടം. കോമഡി സിനിമകൾ ചിത്രീകരിക്കാൻ എനിക്കിഷ്ടമില്ല. എനിക്ക് വേറെ വഴിയില്ലാത്തതുകൊണ്ട് ചെയ്യുന്നു. ഹാസ്യ സിനിമകൾ ചെയ്യുമ്പോൾ, ഒരു നല്ല സംവിധായകനെന്ന നിലയിൽ നിങ്ങൾക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല. എന്നാൽ ഒരു ഗൗരവമുള്ള സിനിമ ചെയ്യുമ്പോൾ, സിനിമാ ലോകത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. അത് എനിക്ക് വളരെ വേദനാജനകമാണ്. എന്തുകൊണ്ടാണ് ഒരു ഹാസ്യ സംവിധായകനെ നല്ല സംവിധായകനായി അംഗീകരിക്കാത്തത്. 'കാലാപാനി', 'കാഞ്ചീവരം' തുടങ്ങിയ ഗൗരവമേറിയ ചിത്രങ്ങളെടുക്കുമ്പോഴാണ് ഒരു സംവിധായകൻ എന്ന നിലയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നത്. നിങ്ങൾ ഹാസ്യ സിനിമകൾ ചെയ്യുമ്പോൾ അവർ നിങ്ങളെ ഒരു കോമാളിയെപ്പോലെ കാണുന്നു. ഹാസ്യ സിനിമകൾ ഓസ്കാർ നേടുന്നതുപോലും വളരെ കുറവാണ്. ഇത് വളരെ സങ്കടകരമാണ്, പക്ഷേ ഇതാണ് യാഥാർത്ഥ്യം', പ്രിയദർശന്റെ വാക്കുകൾ.
ഭൂത് ബംഗ്ലാ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം. അക്ഷയ് കുമാർ ആണ് സിനിമയിലെ നായകൻ. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. സിനിമയുടെ ടീസർ പുറത്തുവന്നു. ഏപ്രിൽ 10 നു സിനിമ പുറത്തിറങ്ങും.
ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ - അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി പ്രിയദർശൻ ഒന്നിക്കുമ്പോൾ ഒരു വമ്പൻ ഹിറ്റ് തന്നെയാണ് താരത്തിന്റെ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്.
Content Highlights: People who make comedy films are seen as clowns and don't get respect: Priyadarshan opens up