വിചാരണ കോടതി വിധിയില്‍ ഞെട്ടല്‍ ഉണ്ടായില്ല, അത് ഞാൻ പ്രതീക്ഷിച്ചിരുന്നു; മനസുതുറന്ന് ഭാവന

'വിധി ഒട്ടും ഷോക്കിങ് അല്ലായിരുന്നു എന്നാൽ അതേസമയം ഞാൻ ഒരു നിസ്സഹായ അവസ്ഥയിലായി'

വിചാരണ കോടതി വിധിയില്‍ ഞെട്ടല്‍ ഉണ്ടായില്ല, അത് ഞാൻ പ്രതീക്ഷിച്ചിരുന്നു; മനസുതുറന്ന് ഭാവന
dot image

വിചാരണ കോടതി വിധിയില്‍ തനിക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല എന്ന് നടി ഭാവന. ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു എന്നും എന്നാൽ അതേ സമയം താൻ ഒരു നിസ്സഹായ അവസ്ഥയിലായി എന്നും ഭാവന പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഭാവന മനസുതുറന്നത്‌.

'വിചാരണ കോടതി വിധിയില്‍ എനിക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. എവിടെയൊക്കെയോ ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിങ് അല്ലായിരുന്നു എന്നാൽ അതേസമയം ഞാൻ ഒരു നിസ്സഹായ അവസ്ഥയിലായി. നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മാനസിക അവസ്ഥ എന്റെ ഉള്ളിലുണ്ടായിരുന്നു. എന്നാൽ സംഭവിച്ചത് സംഭവിച്ചു ഇനി അത് ആലോചിച്ച് ഇരുന്നിട്ട് കാര്യമില്ല എന്ന നിലയിലേക്ക് നമ്മൾ എത്തും. ഒപ്പം ഫെബ്രുവരിയിൽ അനോമിയുടെ റിലീസ് ഉള്ളതിനാൽ ജനുവരി പകുതി മുതൽ പ്രൊമോഷൻ ഉണ്ടായിരുന്നു. ഞാൻ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല എന്ന് ഉണ്ടായിരുന്നു', ഭാവനയുടെ വാക്കുകൾ.

മറ്റു വിഷയങ്ങളെക്കുറിച്ചും അഭിമുഖത്തിൽ ഭാവന മനസുതുറന്നു. 'ശരിയെന്ന് തോന്നിയത് കൊണ്ടാണ് പരാതി നല്‍കിയത്. പരാതി നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ല. അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. താന്‍ മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണെന്ന് തോന്നലുണ്ടായി. ആ സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും ആലോചിച്ചിരുന്നില്ല. അതിന് ശേഷം എത്രയോ ആളുകൾ പുറത്തുവരുന്നു, പരാതികൾ നൽകുന്നു അതെല്ലാം ഭാവന പറഞ്ഞതുകൊണ്ടാണ് എന്ന് പറയുമ്പോൾ ആ ഫീലിങ്ങിനെ എനിക്ക് വാക്കുകൊണ്ട് വിവരിക്കാൻ കഴിയില്ല. ആരും ഒന്നും പുറത്തു പറയില്ലെന്ന ധൈര്യം പലരുടെയും ഉള്ളിലുണ്ട്. അത് പുറത്തുപറഞ്ഞു പ്രശ്‌നമാകുമെന്ന് അറിഞ്ഞാല്‍ കുറച്ചു പേരെങ്കിലും ജാഗരൂഗരാകും അത് നല്ലതല്ലേ', ഭാവനയുടെ വാക്കുകൾ.

bhavana

അതേസമയം, അനോമി ആണ് അവസാനമായി പുറത്തുവന്ന ഭാവന ചിത്രം. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. സി ജെ റോയ്‌ നിർമിച്ച അവസാന ചിത്രം കൂടെയാണ് അനോമി. പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭാവന, റഹ്‌മാൻ എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന്റെ കരുത്താണ്. സസ്‌പെൻസ് മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം മികച്ച സാങ്കേതിക നിലവാരത്തിലാണ് റിയാസ് മാരാത്ത് ഒരുക്കിയിരിക്കുന്നത്.

Content Highlights: Actor Bhavana talks about trial court’s verdict that acquitted actor Dileep in the assault case

dot image
To advertise here,contact us
dot image