

തമിഴ് താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും കേൾക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.

മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർ നിലവിൽ അമ്മയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നാണ് സൂചനകൾ. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും ഇവർ വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 1998-ല്‍ യുകെയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ വിജയ് യെ സംബന്ധിച്ച് ഈ വിവാഹ മോചന വാര്‍ത്ത വലിയ തിരിച്ചടിയാണ്.
Content Highlights: Vijay-Sangeetha divorce case nearing settlement?; Actor ready to pay Rs 250 crore alimony