

കോഴിക്കോട്: കെഎംസിസി കവര്‍ച്ചാ കേസില്‍ ഖത്തര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അഞ്ച് പേര്‍ക്കെതിരെ. മൂന്ന് മലയാളികളും രണ്ട് പാകിസ്താനികളുമാണ് ഖത്തറില്‍ പ്രതിപ്പട്ടികയിലുള്ളത്. കോഴിക്കോട് സ്വദേശികളായ അഷ്റഫ് ഹുസൈന്, ഹാരിസ് താഴെ തയ്യുള്ളതില്‍, ലജീഷ് ലാല്‍ തച്ചറോത്ത് മീത്തല്‍ എന്നിവരും അസ്റര്‍ യൂനുസ്, അന്‍സാര്‍ മഹ്മൂദ് എന്നീ പാക്സിതാനികളുമാണ് പ്രതികള്‍. പൊലീസ് അറസ്റ്റ് ചെയ്ത ഇവര്‍ക്ക് നിലവില്‍ ജാമ്യം ലഭിച്ചു. നാട്ടിലെത്തിയ കോഴിക്കോട് സ്വദേശികള്‍ കൊയിലാണ്ടി പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.
2025 സെപ്റ്റംബര്‍ 18ന് അല്‍ തുമാമയിലെ കെഎംസിസി ഓഫീസിലാണ് സംഭവം നടന്നത്. കെഎംസിസി ഓഫീസില്‍ റൂം ബോയിയെ കെട്ടിയിട്ടാണ് എട്ട് കോടി രൂപ കവര്‍ന്നത്. സംഭവത്തില്‍ പ്രദേശിക ബിജെപി നേതാവ് ബാലകൃഷ്ണന് കീഴടങ്ങിയിരുന്നു. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് ഓഫീസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് സംഘം 31 ലക്ഷം കവര്‍ന്നത്. പിന്നാലെ പി കെ അബ്ദുല്‍ റഹീം എന്നയാള്‍ നല്കിയ പരാതിയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടി പൊലീസ് കേസെടുക്കുകയായിരുന്നു.
കെഎംസിസിയുടെ സ്നേഹ സുരക്ഷാ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്. അംഗങ്ങള്‍ക്ക് അസുഖമോ മരണമോ സംഭവിച്ചാല്‍ 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കാനായി അംഗങ്ങളില്‍ നിന്ന് പ്രതിമാസം 20 റിയാല്‍ വീതം പിരിവെടുത്തായിരുന്നു ഈ തുക സമാഹരിച്ചിരുന്നത്. പണം നഷ്ടമായതിന് പിന്നാലെ കെഎംസിസി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ പൊലീസും കേരളത്തിലെ ഗൂഢാലോചനയെ മുന്‍നിര്‍ത്തി കൊയിലാണ്ടി പൊലീസും അന്വേഷണം നടത്തിവരികയാണ്.
Content Highlights: Qatar police have registered a case against five people, including three Malayalis and two Pakistani nationals, in the Qatar KMCC office robbery case involving funds collected for the Sneha Suraksha welfare scheme