

ടാക്‌സി യാത്രയ്ക്കിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കിട്ട് പ്രിയങ്ക ചോപ്ര. കുട്ടിക്കാലത്ത് അമ്മ മധു ചോപ്രയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയത്. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര മനസ് തുറന്നത്. അമ്മയുമൊത്ത് ടാക്സിയിൽ യാത്ര ചെയ്യുന്ന നേരത്ത് പെട്ടെന്ന് ഡ്രൈവർ റൂട്ട് മാറ്റിയെന്നും ഇത് തങ്ങളെ ഭയപ്പെടുത്തിയെന്നും പറയുകയാണ് പ്രിയങ്ക ചോപ്ര.
'ഞങ്ങള്‍ ടാക്‌സിയിലാണ്. എനിക്ക് അന്ന് 11 വയസായിരിക്കണം. ഡല്‍ഹിയിലെ ഒരു ഹോട്ടലിലാണ് താമസം. അമ്മ ഈ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിക്കുന്നതാണ് ഞാന്‍ കണ്ടത്. അയാള്‍ ഞങ്ങള്‍ക്ക് അറിയാത്തൊരു വഴിയിലേക്ക് വണ്ടി തിരിച്ചിരുന്നു. ഷോര്‍ട്ട് കട്ടാണെന്നാണ് പറഞ്ഞത്. ഞാനും അമ്മയും മാത്രമാണുള്ളത്. അമ്മ പിന്നില്‍ നിന്നും അയാളുടെ കഴുത്തില്‍ പിടിച്ച് ഞെരിച്ചു. തിരികെ മെയിന്‍ റോഡിലേക്ക് വരാന്‍ പറഞ്ഞു. അമ്മയെ അങ്ങനെ മുമ്പൊരിക്കലും കണ്ടിട്ടില്ല. അതിന് ശേഷം നാല് മാസത്തോളം ഞാന്‍ അമ്മയോട് ഒന്നിനും വഴക്കിട്ടിട്ടില്ല. അമ്മ ഒറ്റയ്ക്കായിരുന്നുവെങ്കില്‍ അങ്ങനെ പെരുമാറുമായിരുന്നുവോ എന്നറിയില്ല. ഞാന്‍ കൂടെയുള്ളതിനാല്‍, എന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിരികെ ഹോട്ടലിലെത്തുമ്പോള്‍ അമ്മ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു', പ്രിയങ്കയുടെ വാക്കുകൾ.

അന്നത്തെ സംഭവത്തിന് തന്റെ പുതിയ ചിത്രമായ ദ ബ്ലഫുമായി ബന്ധമുണ്ടെന്നും പ്രിയങ്ക പറയുന്നു. എസ് എസ് രാജമൗലി ചിത്രം വാരണാസിയിലും പ്രിയങ്ക ചോപ്ര പ്രധാന റോളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. വാരണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
Content Highlights: Priyanka chopra shares terrifying experience she and her mother faced during taxi ride