

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ. മല്ലു അർജുൻ എന്നാണ് സ്നേഹത്തോടെ നടനെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു സിനിമയാണ് 'ലക്കി ദി റേസർ'. 'റേസ് ഗുരം' എന്ന പേരിൽ സുരേന്ദർ റെഡ്‌ഡി ഒരുക്കി തെലുങ്കിൽ പുറത്തിറങ്ങിയ സിനിമ മലയാളത്തിലും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാർത്ഥികൾ ചിത്രത്തിന്റെ പ്രദർശനം ആഘോഷമാക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
എംഇഎസ് കല്ലടി കോളേജ് മണ്ണാർക്കാടിലാണ് വിദ്യാർത്ഥികൾ ലക്കിയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ ചിത്രം കണ്ടു ആർപ്പുവിളിക്കുന്നതിന്റെയും ആഘോഷമാക്കുന്നതിന്റെയും വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡാകുന്നത്. നേരത്തെ വിവിധ കോളേജുകളിൽ അല്ലു അർജുൻ സിനിമകൾ പ്രദർശിപ്പിക്കുന്നതും അവയെ വലിയ രീതിയിൽ കുട്ടികൾ വരവേൽക്കുന്നതിന്റെയും വീഡിയോ ട്രെൻഡ് ആയിരുന്നു. ഗജപോക്കിരി, ലക്കി തുടങ്ങിയ സിനിമകൾ ആണ് വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. ഈ ചിത്രങ്ങൾ എല്ലാം റീ റിലീസ് ചെയ്യണമെന്നാണ് മല്ലു അർജുൻ ആരാധകരുടെ ആവശ്യം.

Lucky the Racer (#RaceGurram) screened at MES Kalladi College, Kerala
— Kerala Trends (@KeralaTrends2) February 10, 2026
Waiting for this kind of full-on entertainer from #AlluArjun 🤩 pic.twitter.com/yg2QPymAzF
അല്ലു അർജുൻ ചിത്രമായ ഹാപ്പി റീ റിലീസിന് ഒരുങ്ങുന്നു എന്ന അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 4K ഡോൾബി അറ്റ്മോസിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ 'ഹാപ്പി' സംവിധാനം ചെയ്തത് എ കരുണാകരനായിരുന്നു. ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.
Content Highlights: Lucky the Racer screened at MES Kalladi College, Kerala students enjoy screening video goes viral