

നടനും അഭിഭാഷകനുമായ സി ഷുക്കൂറിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ചില വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ജനുവരി 26ന് സ്‌ട്രോക്ക് ഉണ്ടായതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിലാണെന്നും ജീവൻ രക്ഷിക്കാനായെങ്കിലും ശരീരത്തിന്റെ ഇടതുഭാഗത്ത് ബുദ്ധിമുട്ടുകൾ തുടരുന്നു എന്നുമായിരുന്നു പുറത്തുവന്ന വിവരം.
അദ്ദേഹത്തിന്റെ സഹോദരൻ മുനീർ, മറ്റ് ചില സുഹൃത്തുക്കൾ എന്നിവരായിരുന്നു പ്രധാനമായും ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടർന്ന് ആരോഗ്യനിലയെ കുറിച്ച് വിവിധ തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഷുക്കൂർ വക്കീലിനായി പ്രാർത്ഥിക്കണമെന്നും പല പോസ്റ്റുകളിലും ആവർത്തിച്ചിരുന്നു.

എന്നാൽ ഇപ്പോൾ തന്റെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായ അപ്‌ഡേറ്റുമായി ഷുക്കൂർ വക്കീൽ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്നെ കുറിച്ച് തെറ്റായ പല വസ്തുതകളുമാണ് ഇപ്പോൾ പ്രചരിക്കുന്നത് പറഞ്ഞ ഷുക്കൂർ വക്കീൽ ജനുവരി 26ന് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട് തനിക്ക് ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കാസർഗോഡ് മിംസ് ആശുപത്രിയിൽ ഇതിന്റെ ചികിത്സ നടക്കുകയാണെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും കുറിപ്പിലുണ്ട്. 30 ദിവസത്തെ പൂർണമായ വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു.
2026 ജനുവരി 26 മുതൽ എനിക്ക് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കാസർഗോഡ് മിംസ് ആശുപത്രിയിൽ ചികിത്സ തേടുകയും, അവിടുത്തെ ഡോക്ടർമാരുടെ നിർദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധയും.
എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. അത്യാവശ്യ കാര്യങ്ങൾക്ക് 9447317133 യിൽ ബന്ധപ്പെട്ടാൽ മതി.
സ്‌നേഹത്തോടെ
ഷുക്കൂർ, ഷീന, മക്കൾ
ന്നാ താൻ കേസ് കൊട് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മന്ത്രിയുടെ വാദത്തിന് എത്തിയ അഡ്വ. ഷുക്കൂർ. കാസർഗോഡുകാരനായ ഇദ്ദേഹം തന്റെ സ്വന്തം പേരിലാണ് സിനിമയിൽ എത്തിയത്. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം തുടർന്നും നിരവധി ചിത്രങ്ങളിൽ ചെറുതും വലുതമായ വേഷങ്ങളിൽ എത്തി. ഇതിനൊപ്പം തന്നെ പൊതുപ്രവർത്തനരംഗത്തും സജീവ സാന്നിധ്യമാണ് ഷുക്കൂർ വക്കീൽ.
Content Highlights : Shukkur Vakkeel clarifies on news about his bad health conditiona and stroke