നാല് വർഷത്തെ പ്രണയം, ബ്രേക്ക് അപ്പ് ആയപ്പോൾ കാമുകി പറഞ്ഞത് ഒറ്റ കാര്യം മാത്രം: സിദ്ധാന്ത് ചതുർവേദി

'സിനിമയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ അവസരങ്ങൾ ലഭിക്കുമോ എന്ന് പോലും അറിയില്ലെന്ന് അവളോട് ഞാൻ പറഞ്ഞു. കുറച്ച് നാൾ കാത്തിരിക്കാമോ എന്നും ഞാൻ ചോദിച്ചു'

നാല് വർഷത്തെ പ്രണയം, ബ്രേക്ക് അപ്പ് ആയപ്പോൾ കാമുകി പറഞ്ഞത് ഒറ്റ കാര്യം മാത്രം: സിദ്ധാന്ത് ചതുർവേദി
dot image

സിനിമാ സ്വപ്‌നത്തിന് വേണ്ടി നാല് വർഷം നീണ്ട പ്രണയം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം സിദ്ധാന്ത് ചതുർവേദി. 'ദോ ദീവാനേ ഷെഹർ മേം' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് റിയൽ ലൈഫിലെ പ്രണയത്തെ കുറിച്ച് സിദ്ധാന്ത് സംസാരിച്ചത്. സിനിമാ സ്വപ്‌നത്തിനായി പോകാൻ തീരുമാനിച്ചപ്പോൾ കാമുകി ആദ്യം ഏറെ നാൾ കാത്തിരുന്നു എന്നും പിന്നീട് ലക്ഷ്യത്തിനായുള്ള തന്റെ യാത്രക്കിടയിൽ വിവാഹം ഒരു സമ്മർദമായി തീരാതിരിക്കാൻ അവൾ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നും സിദ്ധാന്ത് പറഞ്ഞു.

ഏറെ സ്‌നേഹത്തോടെയാണ് മുൻ പ്രണയത്തെ കുറിച്ച് സിദ്ധാന്ത് അഭിമുഖത്തിൽ സംസാരിക്കുന്നത്. സ്വപ്‌നമോ പ്രണയമോ എന്ന ചോദ്യം വന്നപ്പോൾ താൻ സ്വപ്‌നം തിരഞ്ഞെടുക്കുകയായിരുന്നു എന്നും നടൻ കൂട്ടിച്ചേർത്തു. പ്രണയം ബലി കഴിച്ചതിനോളം വിലയുള്ളതാണ് സിനിമയെന്ന് ഉറപ്പാക്കണം എന്നായിരുന്നു കാമുകി പറഞ്ഞതെന്നും സിദ്ധാന്ത് കൂട്ടിച്ചേർത്തു.

Also Read:

'അന്ന് 18 വയസായിരുന്നു എന്റെ പ്രായം. ചാർട്ടഡ് അക്കൗണ്ടന്റ് കോഴ്‌സ് ചെയ്തിരുന്ന ക്ലാസിലെ ഒരു പെൺകുട്ടിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എന്റെ വീടും അവളുടെ വീടും രണ്ട് സ്ഥലങ്ങളിലായിരുന്നു. എന്റെ വീട്ടിലേക്ക് പോകുന്ന ട്രെയിനിന്റെ നേരേ എതിർവശത്തേക്കാണ് അവളുടെ വീട്ടിലേക്കുള്ള ട്രെയിൻ. എല്ലാ ദിവസവും ആ ട്രെയിൻ കയറി അവളുടെ അടുത്തേക്ക് പോകുമായിരുന്നു. എനിക്ക് ഇഷ്ടമാണെന്ന് അവൾ പതിയെ മനസിലാക്കി. ഞങ്ങൾ പ്രണയത്തിലായി. നാല് വർഷത്തോളം നീണ്ട പ്രണയമായിരുന്നു.

Siddhant Chaturvedi

ആ സമയത്തേ എനിക്ക് നടനാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവൾക്ക് കല്യാണം കഴിക്കണം എന്നായിരുന്നു. 24 വയസായിരുന്നു ആ സമയത്ത്. ഞാൻ അഭിനയരംഗത്തേക്ക് വന്നിട്ടേ ഉണ്ടായിരുന്നുള്ളു. ഈ പുതിയ മേഖലയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ അവസരങ്ങൾ ലഭിക്കുമോ എന്ന് പോലും അറിയില്ലെന്ന് അവളോട് ഞാൻ പറഞ്ഞു. കുറച്ച് നാൾ കാത്തിരിക്കാമോ എന്നും ഞാൻ ചോദിച്ചു. അവൾ കാത്തിരിക്കാൻ തയ്യാറായി.

പക്ഷെ, ഈ വിവാഹം കഴിക്കാനുള്ള ആവശ്യം കൂടിയാകുമ്പോൾ അത് എനിക്ക് കൂടുതൽ സമ്മർദം ഉണ്ടാക്കുകയാണെന്ന് അവൾ മനസിലാക്കി. അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം പിരിയാമെന്ന നിർദേശം അവൾ മുന്നോട്ടുവെച്ചു. 'നിനക്ക് മുൻപിലുള്ളത് ഒരു വലിയ യാത്രയാണ്. അവിടെ നിനക്ക് കൂടുതൽ സമ്മർദം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ നിന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കൂ. നമുക്ക് പിരിയാം. പക്ഷെ നമ്മൾ പിരിഞ്ഞതിനോളം വിലയുള്ളതായി തീരണം നിന്റെ സ്വപ്‌നവും മുന്നോട്ടുള്ള യാത്രകളും. നമ്മുടെ ബ്രേക്ക് അപ്പ് വെറുതെയായി പോകരുത്' എന്നായിരുന്നു അവൾ പറഞ്ഞത്.

ഗള്ളി ബോയ് റിലീസ് ആയ സമയത്ത് ആദ്യത്തെ മെസേജ് അവളുടെ ആയിരുന്നു. നീ വാക്ക് പാലിച്ചു എന്നായിരുന്നു അവൾ പറഞ്ഞത്. പക്ഷെ അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു. എന്റെ സ്വപ്‌നവും എന്റെ പ്രണയവും തമ്മിൽ നേർക്കുനേർ വന്നപ്പോൾ ഞാൻ എന്റെ സ്വപ്‌നം തിരഞ്ഞെടുക്കുകയായിരുന്നു,' സിദ്ധാന്ത് ചതുർവേദി പറഞ്ഞു.

Content Highlights : Siddhant Chaturvedi about his love affair and break up

dot image
To advertise here,contact us
dot image