ധനുഷ് ചിത്രത്തിൽ മമ്മൂക്കയ്ക്ക് കാമിയോ റോളോ?; ചർച്ചയായി D55 അപ്ഡേറ്റ്

പേരൻപ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്

ധനുഷ് ചിത്രത്തിൽ മമ്മൂക്കയ്ക്ക് കാമിയോ റോളോ?; ചർച്ചയായി D55 അപ്ഡേറ്റ്
dot image

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു അമരൻ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 300 കോടിക്കും മുകളിലാണ്. ഈ സിനിമയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി ഒരു ചിത്രം രാജ്‌കുമാർ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി കാമിയോ വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ അതിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.

ചിത്രത്തിനായി നിലവിൽ 40 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. ധനുഷിനൊപ്പം തുല്യപ്രാധാന്യമുള്ള റോൾ ആണ് മമ്മൂട്ടിക്ക് എന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. അടൂർ ഗോപാലകൃഷ്ണൻ ചിത്രമായ പദയാത്രയ്ക്ക് ശേഷമാകും മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. ചിത്രത്തിൽ 15 കോടി രൂപ അദ്ദേഹത്തിന് പ്രതിഫലമായി ഓഫർ ചെയ്‌തെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 'ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമായി മാറുന്നു' എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്.

പേരൻപ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്ര ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Content Highlights: Is mammmootty playing cameo role in dhanush film D55, report goes viral

dot image
To advertise here,contact us
dot image