

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മംമ്ത മോഹൻദാസ്. ആത്മധെെര്യത്തിന്റെ പ്രതീകമായി മംമ്തയെ പറയുന്നതിൽ തെറ്റുണ്ടാവില്ല.ജീവിതത്തിൽ തിരിച്ചടികൾ ഒന്നിലേറെ തവണ വന്നപ്പോഴും തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ മംമ്തയ്ക്ക് സാധിച്ചു. രണ്ട് തവണ മംമ്ത കാൻസറിനെ അഭിമുഖീകരിച്ചു. ഇതിനിടെ വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും ബാധിച്ചു. ഇതെല്ലാം മംമ്ത നേരിട്ടു. ഇപ്പോഴിതാ ക്യാൻസർ ഡേയുടെ ഭാഗമായുള്ളൊരു പരിപാടിയിൽ മംമ്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
''ഞാൻ എന്നും പറയുന്നൊരു കാര്യമുണ്ട്. കാൻസറിന് അങ്ങനെ പ്രത്യോക ദിവസമൊന്നും ഇല്ല. ആർക്കും ഏത് നിമിഷവും എന്തും സംഭവിക്കാം. ഇപ്പോൾ വളരെ കോമണായി പറയുന്നൊരു കാര്യമുണ്ട്, ലൈഫ് ഈസ് വെരി ഷോർട്ട്. അല്ലേ? നിങ്ങൾ വലിയ ആളാണെങ്കിലും ചെറിയ ആളാണെങ്കിലും കാന്‍സറെന്നല്ല ഏത് രോഗവും ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം. ഞാനതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. എന്റെ 24-ാമത്തെ വയസിലായിരുന്നു കാൻസർ കണ്ടുപിടിക്കുന്നത്. ഹോഡ്ജ്കിൻ ലിംഫോമ ആയിരുന്നു എനിക്ക്. അന്നത്തെ കാലത്ത് ഇതെ കുറിച്ചുള്ള ഒരു വിവരവും ഓൺലൈനിൽ ലഭ്യമായിരുന്നില്ല. എന്ത് ചെയ്യണമെന്നൊന്നും എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. മതാപിതാക്കൾക്കും. എന്റെ കാന്‍സര്‍ ടൈപ്പിന്റെ റിസർച്ച് സ്റ്റഡി വരുന്നത് 40 വർഷത്തിന് ശേഷമാണ്. 2014ൽ ഒരു ക്ലിനിക്കൽ സ്റ്റഡിയുടെ ഭാഗമായിട്ടുണ്ട് ഞാൻ.

എല്ലാ ട്രീറ്റ്മെന്റും ഫെയിലായ സമയത്തായിരുന്നു അത്. അത്ഭുതമായിരുന്നു അത്. ആ ഡ്രഗിന്റെ സ്റ്റഡി നടക്കുന്നത് 1984ൽ ആയിരുന്നു ഞാൻ ജനിച്ച വർഷം. എനിക്കൊപ്പം തന്നെ അതിന്റെ പരീക്ഷണവും നടന്നു കൊണ്ടിരുന്നു. ആ ഡ്രഗ് കാരണമാണ് ഞാനിന്നിവിടെ നിൽക്കുന്നത്. ആരോഗ്യകരമായ ജീവിതം, പുകവലി പാടില്ല, മദ്യപാനം പാടില്ല, എക്സസൈസ് എന്നൊക്കെ പലരും പറഞ്ഞു. ഇതെല്ലാം ഞാനും ചെയ്തതാണ്. വളരെ ആക്ടീവ് ആയിരുന്നു, ദിവസവും എക്സസൈസ് ചെയ്യുമായിരുന്നു. പക്ഷേ എനിക്ക് കാൻസർ വന്നു. നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല. പ്രശ്നങ്ങൾ വരുമ്പോൾ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്. എനിക്കതിന് സാധിക്കുമെങ്കിൽ ആർക്കും അതിന് സാധിക്കും. വിഷമം നമുക്ക് തുണയാകില്ല. ജീവിതത്തോട് ഇനിക്കിപ്പോൾ പാഷനാണ്. കഷ്ടപ്പെട്ടിട്ട് തിരിച്ച് കിട്ടിയ ജീവിതമാണ്.
കാൻസർ പേഷ്യൻസിനെ ഒരിക്കലും സങ്കടത്തോടെ നോക്കല്ലേ, സഹതാപത്തോടെ നോക്കല്ലേന്ന് പലപ്പോഴും പറയാറുണ്ട്. കാരണം അതൊരിക്കലും അവരെ സഹായിക്കില്ല. അവരുടെ ഭാരം കൂട്ടാനല്ലല്ലോ കുറയ്ക്കാനല്ലേ നമ്മൾ കാണാൻ പോകുന്നത്. ഒരു ചിരി നിങ്ങളുടെ മുഖത്തുണ്ടാകണം. അത് അവരിൽ വലിയ പോസിറ്റീവ് എനർജിയാണ് നൽകുക. കാൻസറിന്‍റെ വാക്സിൻ ഭാവിയിൽ ഉണ്ടാകും. അതിപ്പോഴും റിസർച്ചിലാണ്'' മംമ്ത പറഞ്ഞു.
Content Highlights: Mamta Mohandas spoke openly about her cancer diagnosis at the age of 24. She stressed that cancer can affect anyone, at any stage of life. The actress highlighted the importance of early detection and awareness.