

ബിജു മേനോൻ, ജോജു ജോർജ്ജ് എന്നിവരെ നായകന്മാരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളൻ' തിയേറ്ററുകളിലെത്തി. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജീത്തു ജോസഫിന്‍റെ 'വലതുവശത്തെ കള്ളൻ' എന്ന സിനിമയിലെ ആദ്യ പകുതി ജോജു ജോര്‍ജ്ജ് എന്ന അഭിനേതാവിന്‍റെ തഴക്കം വന്ന പ്രകടനം അടിവരയിടുന്നതാണ്.
ആന്‍റണി സേവ്യർ എന്ന സർക്കിള്‍ ഇൻസ്പെക്ടറായി സിനിമയുടെ ആദ്യം മുതൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമായാണ് ബിജു മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയിൽ ബിജു മേനോന്‍റെ അസാധ്യ അഭിനയ മുഹൂർത്തങ്ങളാണ് ചിത്രം വരച്ചുകാണിക്കുന്നത്. താരത്തിന്‍റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയെന്ന് ഉറപ്പിച്ച് പറയാവുന്ന വേഷമാണ് ചിത്രത്തിലേത്. ബിജു മേനോനും ജോജുവും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ഇമോഷണൽ ക്രൈം ഡ്രാമ സമ്മാനിച്ചിരിക്കുകയാണ്.
ഒരു ക്രൈമും അതിന് പിന്നാലെയുള്ള കേസന്വേഷണവും ഒക്കെയായി പുരോഗമിക്കുന്ന ചിത്രത്തിന്‍റെ കഥാഗതി തിരിയുന്നത് ആദ്യപകുതിയുടെ അവസാനത്തിലാണ്. ചിത്രത്തിൽ ആന്‍റണി സേവ്യറോടൊപ്പം പ്രേക്ഷകരും ഇനിയെന്ത് എന്നൊരു അനിശ്ചിതാവസ്ഥയിൽ ചെന്നെത്തുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ ഒരു സുഡോക്കു ഗെയിം പോലെ കുഴഞ്ഞുമറിഞ്ഞ സംഭവങ്ങളിലൂടെയാണ് പിന്നീട് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.
മലയാളത്തിലെ നിരവധി ശ്രദ്ധേയ ത്രില്ലർ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫിൽ നിന്നുമുള്ള വേറിട്ടൊരു സമീപനമാണ് ചിത്രത്തിലേത്. "മരിച്ചവർക്കും നീതി വേണ്ടേ, അത് വാങ്ങിക്കൊടുക്കേണ്ടത് നമ്മൾ ജീവിച്ചിരിക്കുന്നവരല്ലേ". എന്നൊരു വാചകമാണ് സിനിമയുടെ കാതൽ. ഒരു വ്യക്തി ക്രിമിനൽ ആയി മാറുന്നതിന് പിന്നാലെയുള്ളൊരു അന്വേഷണം കൂടിയാണ് ചിത്രം. ഡിനു തോമസ് ഈലന്‍റെ പഴുതുകളടച്ച തിരക്കഥ അതർഹിക്കുന്ന രീതിയിൽ ജീത്തു ജോസഫ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്‍റെ ഛായാഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്. വിനായകിന്‍റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ്. തീർച്ചയായും ഓരോരുത്തരേയും പിടിച്ചിരുത്തുന്ന കഥയാണ് 'വലതുവശത്തെ കള്ളൻ' എന്ന് നിസ്സംശയം പറയാം.
Content Highlights: Jethu joseph film Valathuvashathe Kallan getting good response after first show