

അന്തരിച്ച നടൻ ശ്രീനിവാസനെക്കുറിച്ച് മനസുതുറന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു എഴുത്തുകാരൻ മാത്രമല്ല തനിക്ക് ഒരു ഗുരുനാഥൻ കൂടിയാണ് ശ്രീനിവാസൻ എന്ന് സത്യൻ അന്തിക്കാട് പറയുന്നു. ഒറ്റക്ക് തിരക്കഥ എഴുതാനിരിക്കുമ്പോൾ ശ്രീനിവാസൻ അപ്പുറത്ത് ഉണ്ടെന്നാണ് കരുതാറുള്ളതെന്നും അദ്ദേഹം ജീവിതത്തിൽ നിന്നും ഒരിക്കലും മായില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.
'ശ്രീനിവാസൻ കൂടി ഉണ്ടാകുമ്പോഴാണ് ഞാൻ പൂർണ്ണനാകുന്നത്. ടിപി ബാലഗോപാലൻ എംഎ തൊട്ട് ഞാൻ പ്രകാശനാണ് പുള്ളിയുടെ ലാസ്റ്റ് സ്ക്രിപ്റ്റ് അതുവരെക്കും ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തു. ഈ വർക്ക് ചെയ്യാത്ത സമയത്തും ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പുള്ളിക്ക് അസുഖം വന്നു കഴിഞ്ഞതിനു ശേഷവും ഞാൻ ഒരു രണ്ടാഴ്ച മൂന്നാഴ്ച കൂടുമ്പോൾ എന്നും പോയി കാണും രാവിലെ മുതൽ വൈകുന്നേരം വരെ പുള്ളിയുടെ കൂടെ ഇരിക്കും അതൊരു ധൈര്യമാണ് കാരണം ശ്രീനിവാസൻ ഒരു റൈറ്റർ മാത്രമല്ല എനിക്ക് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗുരുനാഥൻ കൂടിയാണ്. ശ്രീനിയുടെ കൂടെ ഡിസ്കസ് ചെയ്യുമ്പോൾ ഞാൻ പഠിക്കുന്ന കുറെ പാഠങ്ങളുണ്ട് അത് പഠിപ്പിക്കുന്നതല്ല നമ്മൾ അറിയാതെ പഠിക്കുന്നതാണ്. ഞാൻ വിനോദയാത്ര എഴുതുമ്പോഴും രസതന്ത്രം എഴുതുമ്പോഴും ഒക്കെ ആ പാഠങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏത് സിനിമയും അത് ശ്രീനിവാസൻ അഭിനയിക്കാത്തതും ശ്രീനിവാസൻ എഴുതാത്തും ആയിട്ടുള്ള കഥകൾ പോലും ശ്രീനിവാസനായിട്ട് ഡിസ്കസ് ചെയ്തിട്ട് മാത്രമാണ് ഞാൻ ഫിക്സ് ചെയ്യാറുള്ളത്. ഹൃദയപൂർവ്വത്തിൻ്റെ ഒരു തീം മനസ്സിൽ തോന്നിയപ്പോൾ ഞാൻ നേരെ ശ്രീനിവാസന്റെ അടുത്ത് ചെല്ലുകയും ശ്രീനിവാസനെ അത് ഫുൾ നറേറ്റ് ചെയ്തു കൊടുത്തു. അപ്പോൾ ശ്രീനിവാസൻ പറഞ്ഞു ഇത് ഭയങ്കര രസമുള്ളതാണ് ഫ്രഷ് ആണ് മോഹൻലാലിന് പറ്റുന്ന കഥയാണ് എന്ന്. അതൊരു ധൈര്യമാണ്. ഒറ്റക്ക് തിരക്കഥ എഴുതായിരിക്കുമ്പോൾ ഞാൻ ആലോചിക്കാറുള്ളത് ശ്രീനിവാസൻ അപ്പുറത്തത് ഉണ്ടെന്നാണ്. നമ്മുടെ ജീവിതത്തിൽനിന്ന് ശ്രീനിവാസൻ മായില്ല', സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.

ഡിസംബർ 20 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.
Content Highlights: Sathyan anthikad talks about working with the legend sreenivasan