'ക്യാബിനിലുളള ഡോക്യുമെന്റ് എടുത്ത് വരാമെന്ന് പറഞ്ഞ് അകത്തുകയറി, പിന്നീട് കേട്ടത് വെടിയൊച്ച'

പിസ്റ്റള്‍ ഉളളതിനാല്‍ റോയ് എപ്പോഴും ബ്രീഫ്‌കെയ്‌സ് തന്റെ അരികില്‍ തന്നെയാണ് വച്ചിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ജീവനക്കാർ പറയുന്നത്

'ക്യാബിനിലുളള ഡോക്യുമെന്റ് എടുത്ത് വരാമെന്ന് പറഞ്ഞ് അകത്തുകയറി, പിന്നീട് കേട്ടത് വെടിയൊച്ച'
dot image

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയ് ഇന്നലെ വൈകുന്നേരമാണ് ലാങ്‌ഫോര്‍ഡ് ടൗണിലെ സ്വന്തം സ്ഥാപനത്തിൽവെച്ച് ജീവനൊടുക്കിയത്. അമ്പത്തിയേഴുകാരനായ റോയ് വൈകീട്ട് മൂന്നുമണിയോടെ ഓഫീസ് മുറിക്കുളളില്‍ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. വെളളിയാഴ്ച്ച ആദായനികുതി ഉദ്യോഗസ്ഥര്‍ റോയ്‌യുടെ ഓഫീസിലെത്തിയത് ഉച്ചയ്ക്ക് ഏകദേശം പന്ത്രണ്ട് മണിയോടെയാണ്. റോയ് രണ്ടുമണിയോടെ ഓഫീസിലെത്തി. ആദ്യം നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൂന്നുമണിയോടെ തന്റെ കാബിനില്‍ ചില ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ കേട്ടത് വെടിയൊച്ചയാണ്. കാബിനില്‍ സിസിടിവി ഉണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

പിസ്റ്റള്‍ ഉളളതിനാല്‍ റോയ് എപ്പോഴും ബ്രീഫ്‌കെയ്‌സ് തന്റെ അരികില്‍ തന്നെയാണ് വച്ചിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ജീവനക്കാർ പറയുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ബാഗ് തന്റെ കയ്യില്‍ നിന്നും മാറ്റേണ്ടിവരുന്ന സമയത്ത് അത് ബോഡി ഗാര്‍ഡുമാര്‍ക്ക് മാത്രമേ അദ്ദേഹം കൈമാറുമായിരുന്നുളളു എന്നും ജീവനക്കാർ പറയുന്നു. വെടിയൊച്ച കേട്ട ഉടന്‍ തന്നെ ജീവനക്കാരും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ക്യാബിനകത്തേക്ക് പോയെന്നും തുടർന്ന് നാരായണ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.

റോയ്ക്ക് പതിവുജോലികള്‍ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നില്ല എന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥാപനത്തിനെതിരായ നിരോധന ഉത്തരവുകള്‍ നീക്കുന്നതിനായി സൂഷ്മപരിശോധന നടത്തുക മാത്രമാണ് ചെയ്തത് എന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞത്. റോയ്‌യുടെ ഭാര്യയും മക്കളും ദുബായിലാണ് താമസം. ഇവര്‍ ഇന്ന് ബെംഗളൂരുവില്‍ എത്തും. റോയ്‌യുടെ അമ്മ കൊരമംഗലയില്‍ നെക്‌സസ് മാളിന് സമീപമാണ് താമസം. ബെംഗളൂരുവിലെത്തുമ്പോള്‍ റോയ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലായിരുന്നു താമസം. റോയ് യുടെ ശരീരത്തില്‍ ബുളളറ്റ് ഏറ്റ ഒരു മുറിവ് മാത്രമേയുളളുവെന്നും എത്ര തവണ വെടിയുതിര്‍ത്തു എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Content Highlights: 'C J Roy said he would get the documents from the cabin and went inside, then heard gunshots'; report

dot image
To advertise here,contact us
dot image