

തന്റെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തതിന് ജെപി മോര്‍ഗനെതിരെ കേസ് ഫയല്‍ ചെയ്ത് ട്രംപ്. 5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നറിയിപ്പോ, അപ്പീലോ, ശരിയായ കാരണമോ, ഇല്ലാതെ ജെപി മോര്‍ഗന്‍ തന്റെ ദീര്‍ഘകാല അക്കൗണ്ടുകള്‍ ഏകപക്ഷീയമായി അടച്ചുപൂട്ടിയതായി ട്രംപ് ആരോപിക്കുന്നു.

ഫ്‌ലോറിഡ സ്റ്റേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍, ബാങ്കിനെതിരെ വ്യാപാര അപകീര്‍ത്തി, സത്യസന്ധത ലംഘനം, ഫ്‌ലോറിഡയുടെ വഞ്ചനാപരമായ വ്യാപാര രീതി, നിയമ ലംഘനം എന്നിവ ആരോപിക്കുന്നു. ട്രംപിന്റെ നിയമസഹായികള്‍ക്ക് അക്കൗണ്ട് അടച്ചുപൂട്ടലുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നാണ് നിയമ വിദഗ്ധര്‍ ഉറ്റു നോക്കുന്നത്.
എന്നാല്‍ 'രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങളാല്‍ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നുവെന്ന വാദം' ജെപി മോര്‍ഗന്‍ നിഷേധിച്ചു. പ്രസിഡന്റ് ട്രംപ് ഞങ്ങള്‍ക്കെതിരെ കേസെടുത്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നുണ്ടെങ്കിലും, ഈ കേസിന് ഒരു സാധുതയുമില്ലെന്ന് വിശ്വസിക്കുന്നതായി ജെ പി മോര്‍ഗന്‍ വക്താവ് പറയുന്നു. 'ഞങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള പ്രസിഡന്റിന്റെ അവകാശത്തെയും സ്വയം പ്രതിരോധിക്കാനുള്ള ഞങ്ങളുടെ അവകാശത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് ഡിബാങ്കിങ് ?
'ഡിബാങ്കിങ്' കാരണമാണ് തങ്ങള്‍ ട്രംപിന്റെ അക്കൗണ്ട് പൂട്ടിയത് എന്നാണ് ജെ.പി മോര്‍ഗന്റെ വിശദീകരണം. ഡിബാങ്കിംഗ് അഥവാ 'ഡി-റിസ്‌കിങ്' എന്നത് ധനകാര്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പില്ലാതെ ഉപഭോക്തൃ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന രീതിയാണ്. പലപ്പോഴും നിയമപരമോ സാമ്പത്തികമോ അല്ലെങ്കില്‍ വ്യക്തികളുടെ പ്രശസ്തിയുടെ അപകടസാധ്യതകള്‍ മൂലമോ ബാങ്കുകള്‍ ഇങ്ങനെ അക്കൗണ്ടുകള്‍ അടച്ചു പൂട്ടാറുണ്ട്. അമേരിക്കയിലെ നിയമപരമായ നിയന്ത്രണങ്ങള്‍ കാരണമാണ് തങ്ങള്‍ ട്രംപിന്റെ അക്കൗണ്ട് പൂട്ടിയത് എന്നാണ് ജെ പി മോര്‍ഗന്റെ വിശദീകരണം.

മുന്‍കാലങ്ങളില്‍ യുഎസിലെ ഒമ്പത് വലിയ ബാങ്കുകള്‍ ചില വിവാദ വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതും 'ഡീബാങ്കിങ്' കാരണമായിരുന്നു. 2020 നും 2025 നും ഇടയില്‍ ഒമ്പത് വലിയ യുഎസ് ബാങ്കുകള്‍ ഡീബാങ്കിങ് നടപടികളില്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മെലനിയ ട്രംപിനും ബാങ്കിങ് സേവനങ്ങള്‍ നിഷേധിക്കപ്പെട്ടതായി നേരത്തെ അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ബാങ്കുകള്‍ക്ക് പിഴയും മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.

Content Highlights: Trump files a lawsuit against JPMorgan for closing his bank account.