'വി കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി'; ജില്ലാ കമ്മിറ്റി തീരുമാനം അറിയിച്ച് കെ കെ രാഗേഷ്

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്ന് കെ കെ രാഗേഷ് പറഞ്ഞു

'വി കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി'; ജില്ലാ കമ്മിറ്റി തീരുമാനം അറിയിച്ച് കെ കെ രാഗേഷ്
dot image

തിരുവനന്തപുരം: വി കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും കുഞ്ഞികൃഷ്ണനെ പുറത്താക്കിയ ജില്ലാ കമ്മിറ്റി തീരുമാനം കെ കെ രാഗേഷ് അറിയിച്ചു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്ന് കെ കെ രാഗേഷ് പറഞ്ഞു. ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'വി കുഞ്ഞികൃഷ്ണന്‍ എതിരാളികളുടെ കോടാലിക്കൈ ആയി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചാനലില്‍ അഭിമുഖം വന്നത് യാദൃശ്ചികമായി പാര്‍ട്ടി കാണുന്നില്ല. അജണ്ട സെറ്റ് ചെയ്ത് വന്ന അഭിമുഖമാണത്. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ 2022-ല്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തതാണ്. അന്ന് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതാണ്. പിന്നീട് കുറച്ചുകാലം വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നില്ല. സമ്മേളനത്തിന് ശേഷമാണ് ജില്ലാ കമ്മിറ്റിയിലേക്ക് വീണ്ടും എത്തിയത്. ഡിസി അംഗമായതിന് ശേഷം വീണ്ടും ആരോപണം ഉന്നയിച്ചു. ടി ഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിച്ചു. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അത്. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട പദവികളില്‍ മധുസൂദനന്‍ ഉണ്ടായിരുന്നില്ല. ഇ പി ജയരാജന് വേണ്ടി ടി ഐ മധുസൂദനന്‍ മുഖാന്തിരം ജോത്സ്യന്‍ മുഖേന അമിത് ഷായെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് ആരോപണമുയര്‍ത്തി. തെളിവ് ചോദിച്ചപ്പോള്‍ അത് അവിടുന്നും ഇവിടെന്നും കേട്ടതാണ് എന്നാണ് പറഞ്ഞത്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് കമ്മിറ്റിയില്‍ പറഞ്ഞത്. പാര്‍ട്ടി ചര്‍ച്ചകള്‍ കുഞ്ഞികൃഷ്ണന്‍ ചോര്‍ത്തി. പുതിയ പ്രതിബിംബം ഉണ്ടാക്കാനാണ് കുഞ്ഞികൃഷ്ണന്‍ ശ്രമിച്ചത്. പാര്‍ട്ടിയെ വഞ്ചിച്ച് വാര്‍ത്ത ചോര്‍ത്തി': കെ കെ രാഗേഷ് പറഞ്ഞു.

ധന്‍രാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്കും കെ കെ രാഗേഷ് നിരത്തി. 'വ്യക്തിപരമായി ധനാപഹരണം നടത്തിയിട്ടില്ല. 2015- 2018 കാലത്താണ് ഫണ്ട് ശേഖരണം നടത്തിയത്. വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചിട്ടില്ല. നാല് വര്‍ഷത്തെ താമസമുണ്ടായി. ബന്ധപ്പെട്ട സഖാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. കുഞ്ഞികൃഷ്ണന്റെ ഇടപെടല്‍ ദുരൂഹമാണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളത്': കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlights:'V Kunhikrishnan expelled from primary membership'; KK Ragesh informs district committee of decision

dot image
To advertise here,contact us
dot image