

ബ്ലാക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് തനിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാതെ ഇരുന്നത് ഒരുപാട് വിഷമിപ്പിച്ചെന്ന് നടി റാണി മുഖർജി. റാണിയും അമിതാഭ് ബച്ചനും ഒന്നിച്ച സഞ്ജയ് ലീല ബൻസാലി ചിത്രമായിരുന്നു 'ബ്ലാക്ക്'. സിനിമയിലെത്തി 30 വർഷം പൂർത്തിയായ വേളയിൽ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനോട് സംസാരിക്കവെ ആണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
'ബ്ലാക്കിൽ ബിഗ്ബിക്കും സഞ്ജയ് ലീല ബൻസാലിക്കും പുരസ്കാരങ്ങൾ ലഭിച്ചു, എനിക്കുമാത്രം പുരസ്കാരമില്ലാതിരുന്നത് വേദനിപ്പിച്ചു. അവാർഡ് നേടുക എന്നതായിരുന്നില്ല ലക്ഷ്യം. ഒരു അവാർഡ് കിട്ടുന്നത് മുഴുവൻ ടീമിനും ലഭിക്കുന്ന അംഗീകാരമാണ്. നിങ്ങൾ അംഗീകരിക്കപ്പെടുമ്പോൾ, ടീമും പ്രേക്ഷകരും സന്തോഷിക്കും. അവാർഡ് കിട്ടാത്തതിൽ വിഷമിച്ചു. എന്നാൽ അത് സംഭവിച്ചത് നല്ലതിനാണ്, കാരണം എൻ്റെ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞു. നിങ്ങൾ ഏറ്റവും മികച്ചത് നൽകിയാലും അർഹിക്കുന്ന അംഗീകാരം ലഭിച്ചെന്നുവരില്ല. ഒരുപക്ഷേ മറ്റൊരാളുടെ പ്രകടനം നിങ്ങളേക്കാൾ മികച്ചതായിരിക്കാം. നിങ്ങൾ ഏറ്റവും മികച്ചതിനായി പരിശ്രമിച്ചുകൊണ്ടിരിക്കണം', റാണി മുഖർജിയുടെ വാക്കുകൾ.

53-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഹിന്ദി ചിത്രത്തിനുള്ള അവാർഡ് ബ്ലാക്കിനായിരുന്നു. അമിതാഭ് ബച്ചന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. നിരൂപക പ്രശംസ നേടിയ ചിത്രം വാണിജ്യപരമായി വിജയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം (2025) 'മിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി തൻ്റെ ആദ്യത്തെ ദേശീയ അവാർഡ് നേടിയിരുന്നു. യഷ് രാജ് ഫിലിംസ് നിർമിക്കുന്ന മർദാനി 3 ആണ് ഇനി പുറത്തിറങ്ങാനുള്ള റാണി മുഖർജി ചിത്രം. ജനുവരി 30 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ ക്രൈം സിനിമയാണത്. സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റായിരുന്നു.
Content Highlights: Amitabh Bachchan and Sanjay leela bhansali got national award for black but I did not get any awards