

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായി എത്തിയ പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എമർജൻസി. 1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം. 'എമർജൻസി' ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് ആരോപിച്ച് റഹ്മാൻ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ. വിക്കി കൗശൽ നായകനായ ഛാവ എന്ന ചിത്രത്തെക്കുറിച്ച് റഹ്മാൻ നടത്തിയ പരാമർശങ്ങളാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. റഹ്മാനെപ്പോലെ ഇത്രയും വിദ്വേഷം നിറഞ്ഞ മറ്റൊരാളെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു.
'എൻ്റെ സംവിധാനത്തിലുള്ള 'എമർജൻസി' എന്ന ചിത്രത്തിൽ നിങ്ങളെ ഉൾപ്പെടുത്താൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. കഥ പറയാൻ വിസമ്മതിക്കുക മാത്രമല്ല, എന്നെ കാണാൻ പോലും നിങ്ങൾ വിസമ്മതിച്ചു. ഒരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ കേട്ടു. വിരോധാഭാസമെന്നുപറയട്ടേ, 'എമർജൻസി'യെ എല്ലാ നിരൂപകരും ഒരു മികച്ച സൃഷ്ടിയായി വിലയിരുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും അഭിനന്ദനമറിയിച്ച് എനിക്ക് കത്തുകളയച്ചു. എന്നാൽ നിങ്ങളുടെ വിദ്വേഷം നിങ്ങളെ അന്ധമാക്കിയിരിക്കുന്നു. നിങ്ങളെക്കുറിച്ച് ആലോചിച്ച് എനിക്ക് ഖേദമുണ്ട്,' കങ്കണ കുറിച്ചു.
കങ്കണയുടെ എമർജൻസിയിൽ സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമിച്ചിരിക്കുന്നത്. മലയാളി താരമായ വിശാഖ് നായരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Content Highlights: Actor Kangana Ranaut sparked controversy after stating that she has not seen anyone as hateful as A R Rahman. The remark has led to strong reactions from fans and industry circles, with the statement widely discussed on social media and in public discourse.