

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വാഴയുടെ അടുത്ത ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഏപ്രിൽ 2 ന് ലോകമെമ്പാടും വാഴ 2 പുറത്തിറങ്ങും. മോഹൻലാൽ ചിത്രമായ ദൃശ്യം 3 പുറത്തിറങ്ങുന്ന അതേ ദിവസം തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങുന്നത്. ഒരു വമ്പൻ ക്ലാഷ് തന്നെ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്.
വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
#Vaazha2 Confirms Rrlease Date for April 2 💥 Clashing With #Drishyam3 😮 pic.twitter.com/BQgaZVWmVs
— Kerala Box Office (@KeralaBxOffce) January 15, 2026
2024 ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Vaazha 2 release date announced clashing with Mohanlal film Drishyam 3