ഇത് ലിയോ 2 അല്ലേ?, വിജയ് പടത്തിന്റെ കഥയാണോ ലോകേഷ്-അല്ലു ചിത്രം?; തെളിവുകൾ നിരത്തി ആരാധകർ

ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ഇത് ലിയോ 2 അല്ലേ?, വിജയ് പടത്തിന്റെ കഥയാണോ ലോകേഷ്-അല്ലു ചിത്രം?; തെളിവുകൾ നിരത്തി ആരാധകർ
dot image

അല്ലു അർജുനെ നായകനാക്കി പുതിയ ചിത്രം ലോകേഷ് കനകരാജ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. അനിരുദ്ധ് സംഗീതം നൽകുന്ന സിനിമ ഒരു പക്കാ മാസ് പടമാകും എന്ന സൂചനയാണ് വീഡിയോ നൽകുന്നത്. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നാലെ ചില സംശയങ്ങളും സിനിമാപ്രേമികൾ ഉന്നയിക്കുന്നുണ്ട്. വിജയ്‌ക്കായി ഒരുക്കിയ ലിയോ 2 ആണോ ഇപ്പോൾ അല്ലു അർജുൻ സിനിമയായി മാറിയതെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ ലിയോ രണ്ടാം ഭാഗത്തിനുള്ള ഐഡിയ തന്റെ മനസിലുണ്ടെന്നും ലോകേഷ് പറഞ്ഞിരുന്നു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ ഭാഗമായി സിനിമ വിടുന്നതിനാൽ ലോകേഷ് ഈ കഥ ഇപ്പോൾ അല്ലു അർജുനായി ഒരുക്കുകയാണ് എന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. ഇത് തെളിയിക്കും വിധം ചില സ്ക്രീൻഷോട്ടുകളും ആരാധകർ എക്സിൽ പങ്കുവെക്കുന്നുണ്ട്. അല്ലു ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വിഡിയോയിൽ ഇടിവള, പരുന്ത്, കുതിര എന്നിവയെ കാണാനാകും ഇതെല്ലാം ലിയോയിലും ഉണ്ടായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതോടൊപ്പം വീഡിയോയിൽ അല്ലുവിന്റെ ഒരു ക്ലോസ് അപ്പ് ഷോട്ട് കാണിക്കുന്നുണ്ട്. ഇത് ലിയോയിൽ വിജയ്ക്ക് നൽകിയതിന് സമാനമായ ഷോട്ട് ആണെന്നാണ് വിജയ് ആരാധകരുടെ വാദം. ലിയോ 2 ഇനി പ്രതീക്ഷിക്കണ്ട എന്നും കൈതി 2 വിനൊപ്പം അതും മറന്നേക്കൂ എന്നാണ് പലരും എക്സിൽ കുറിക്കുന്നത്.

അനിരുദ്ധിന്റെ കിടിലൻ മ്യൂസിക്കിൽ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും. അല്ലു അർജുനും- ലോകേഷും-അനിരുദ്ധും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.

നേരത്തെ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വീണ്ടും സിനിമ നീട്ടിവെക്കുകയായിരുന്നു. പ്രതിഫലത്തിന്റെ തർക്കത്തെ തുടർന്നാണ് ലോകേഷ് കൈതി 2 നീട്ടിവെക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അല്ലു അർജുൻ സിനിമയ്ക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ലോകേഷിന് കൈതി 2 വിൽ ഓഫർ ചെയ്തതെന്നും അതിനാലാണ് ലോകേഷ് ആ സിനിമ ഇപ്പോൾ ചെയ്യാത്തത് എന്നാണ് തമിഴ് ട്രക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ലോകേഷ് കനകരാജ്. ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. രക്തത്തിൽ കുളിച്ച് നടന്നുവരുന്ന ലോകേഷ് കനകരാജിനെയും വാമിക ഗബ്ബിയെയുമാണ് ഈ ടീസറിൽ കാണാനാകുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്.

Content Highlights: Allu Arjun-lokesh kanakaraj film is leo 2 story says fans

dot image
To advertise here,contact us
dot image