ജനനായകന് തിരിച്ചടി, നിർമാതാക്കളുടെ ഹർജി തള്ളി സുപ്രീംകോടതി; ഹൈക്കോടതിയിൽ ഉന്നയിക്കാൻ നിർദേശം

സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു

ജനനായകന് തിരിച്ചടി, നിർമാതാക്കളുടെ ഹർജി തള്ളി സുപ്രീംകോടതി; ഹൈക്കോടതിയിൽ ഉന്നയിക്കാൻ നിർദേശം
dot image

സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിജയ് ചിത്രം ജനനായകന് തിരിച്ചടി. നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നത്. വരുന്ന ജനുവരി 21 നാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനനായകൻ കേസ് പരിഗണിക്കാൻ വെച്ചിരിക്കുന്നത്.

സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറി നടന്നെന്ന് നിർമ്മാതാവ് വെങ്കട്ട് കെ നാരായണ നേരത്തെ ആരോപിച്ചിരുന്നു. നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡ് നടപടികളെ വിമര്‍ശിക്കുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സിബിഎഫ്‌സി സമീപിക്കുകയായിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയാണ് റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ജനുവരി 21നാണ് ഇനി ഹർജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കിമാക്കിയിരുന്നു.

vijay

ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

Content Highlights: Setback for Jananayakan, Supreme Court rejects producers petition

dot image
To advertise here,contact us
dot image