ക്ലാസ് മുറികളിൽ ഇനി 'ബാക്ക് ബെഞ്ചേഴ്‌സ്' ഇല്ല, ബാഗിന്റെ ഭാരവും കുറയും; നിർണായകമായ മാറ്റങ്ങളുമായി സർക്കാർ

കരട് റിപ്പോർട്ടിൽ പൊതുജനങ്ങൾക്ക് ജനുവരി 20 വരെ അഭിപ്രായം അറിയിക്കാം

ക്ലാസ് മുറികളിൽ ഇനി 'ബാക്ക് ബെഞ്ചേഴ്‌സ്' ഇല്ല, ബാഗിന്റെ ഭാരവും കുറയും; നിർണായകമായ മാറ്റങ്ങളുമായി സർക്കാർ
dot image

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് നിർണായകമായ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുകയും 'ബാക്ക് ബെഞ്ചേഴ്‌സ്' ഇല്ലാത്ത ക്ലാസ് മുറികൾ സൃഷ്ടിക്കുകയും ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുക, ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ല എന്ന ഉറപ്പ് നൽകുക എന്നിവയാണ് 'ബാക്ക് ബെഞ്ചേഴ്‌സ്' ഇല്ലാത്ത ക്ലാസ് മുറികളിലൂടെ നടപ്പാക്കുന്നത്.

ഈ വിഷയങ്ങൾ പഠിക്കാൻ നേരത്തെ എസ്‌സിഇആർടിയെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടാണ് കമ്മിറ്റി വിശദമായി ചർച്ച ചെയ്തതെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം വലുതാണെന്നും അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി എസ്‌സിഇആർടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മന്ത്രി കുറിച്ചു.

Content Highlights: there will be no more 'back benchers' in classrooms, and the weight of school bags will also be reduced; government is making crucial changes in the field of public education

dot image
To advertise here,contact us
dot image