

മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അൻവറിനെ വിട്ടയച്ചത്. കൊച്ചിയിലെ ഇ ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
ഡിസംബർ 31ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി അൻവർ സമയം നീട്ടി ചോദിച്ചിരുന്നു. ജനുവരി ഏഴിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ.
ഇക്കഴിഞ്ഞ നവംബറിൽ ഒതായിയിലെ അൻവറിന്റെ വീട്ടിൽ ഇ ഡി സംഘം പരിശോധന നടത്തിയിരുന്നു. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന അന്ന് രാത്രി ഒമ്പതരയ്ക്കാണ് അവസാനിച്ചത്.
ഇ ഡി അറസ്റ്റ് ചെയ്തു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പി വി അൻവർ പറഞ്ഞു. വായ്പാ കേസിൽ അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസ് കള്ളക്കേസാണ് എടുത്തത്. കേരളത്തിലെ നീതി ന്യായ വ്യവസ്ഥയിൽ പ്രതീക്ഷയുണ്ട്. കോടതിയിൽ പോരാട്ടം തുടരും. ഇഡി അന്വേഷണവുമായി സഹകരിക്കുമെന്നും അൻവർ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു പിവി അൻവറിന്റെ പ്രതികരണം.
ചോദ്യം ചെയ്യലിനാണ് ഇഡിക്ക് മുന്നിൽ ഹാജരായത്. സാമ്പത്തിക ആവിശ്യത്തിനാണ് കെഎഫ്‌സിയിൽ നിന്ന് ലോൺ എടുത്തത്. ഒരു തട്ടിപ്പും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വിജിലൻസ് കള്ളക്കേസ് എടുത്തത്. പിണറായിസത്തിനെതിരെ ടീം യുഡിഎഫിനോടൊപ്പം പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.
Content Highlights: disproportionate assets case; PV Anvar questioned by ED