വർഗീയ വിഷലിപ്തമായ ആഹ്വാനങ്ങളെ തള്ളിക്കളയണം; സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷം വിലക്കാനുള്ള RSS നീക്കത്തിനെതിരെ DYFI

'സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് രാജ്യത്തിൻ്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ്'

വർഗീയ വിഷലിപ്തമായ ആഹ്വാനങ്ങളെ തള്ളിക്കളയണം; സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷം വിലക്കാനുള്ള RSS നീക്കത്തിനെതിരെ DYFI
dot image

തിരുവനന്തപുരം: കേരളത്തിലെ ചില ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ. സ്‌കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ്. വിദ്യാര്‍ത്ഥികളില്‍ മതേതര കാഴ്ചപ്പാടും പരസ്പര സൗഹൃദവും സഹവര്‍ത്തിത്വവും വളര്‍ത്താനാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആര്‍എസ്എസ് രംഗത്തുവന്നിരുന്നു. ഓണം, ക്രിസ്മസ്, വിഷു, ബക്രീദ് തുടങ്ങിയ ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് എതിരായി നില്‍ക്കുന്ന വര്‍ഗീയശക്തികളായ സംഘപരിവാര്‍ സംഘടനകള്‍ അതുകൊണ്ടുതന്നെ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷത്തെ എതിര്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ നിന്ന് ക്രിസ്മസ് ആഘോഷം പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടായത്. ആര്‍എസ്എസ് അതിന്റെ നൂറാം വാര്‍ഷികം പിന്നിടുമ്പോള്‍ രാജ്യത്ത് വര്‍ഗീയ വിഭജന രാഷ്ട്രീയം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത്തരത്തിലുള്ള വര്‍ഗീയ വിഷലിപ്തമായ ആഹ്വാനങ്ങളെ കേരള ജനത തള്ളിക്കളയണം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

നേരത്തേ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ആര്‍എസ്എസ് നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ചില സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷോഷം നടത്താന്‍ കഴിയില്ലെന്ന നിലപാടെടുത്തിരുന്നെന്നും അത് അനുവദിക്കില്ലെന്നും സ്‌കൂളുകള്‍ വര്‍ഗീയശാലകളാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ഒരുപോലെ ആഘോഷിക്കപ്പെടേണ്ടതുണ്ട്. ഇത് കുട്ടികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന ക്രൂരമായ നടപടിയാണ്. മതനിരപേക്ഷ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്. സങ്കുചിത രാഷ്ട്രീയ മത താല്‍പര്യം സ്വീകരിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights- DYFI against rss over their stand against christmas celebration in schools

dot image
To advertise here,contact us
dot image