

സിനിമാപ്രേമികൾ ഏറെ നാളുകളായി കാത്തിരിക്കുന്ന വെട്രിമാരൻ-ചിമ്പു ചിത്രമാണ് അരസൻ. വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ് ഇത്. കയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ പ്രമോയും പുറത്തിറങ്ങിയിരുന്നു, ഇപ്പോഴിതാ ചിത്രത്തിൽ വിജയ് സേതുപതിയും എത്തുകയാണ്. നടന്റെ ചിത്രം പങ്കിട്ടുകൊണ്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിടുതലൈയ്ക്ക് ശേഷം വീണ്ടും വെട്രിമാരൻ സിനിമയിൽ ഒന്നിക്കുകയാണ് വിജയ് സേതുപതി.
വിജയ് സേതുപതിയുടെ മകൻ സൂര്യയും സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് എത്തുകയെന്നാണ് നേരത്തെ ഇറങ്ങിയ പ്രോമോ വിഡിയോ നൽകുന്ന സൂചന. സിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാണ് അരസൻ. ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്.
மனிதம் இணைகிறது
— Kalaippuli S Thanu (@theVcreations) November 25, 2025
மகத்துவம் தெரிகிறது#VetriMaaran @SilambarasanTR_@VijaySethuOffl @anirudhofficial #SilambarasanTR #ARASAN pic.twitter.com/PlO6lqPs71
ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അരസന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ഈ ചിത്രത്തിന്റെ പുതിയ വിവരങ്ങൾ ഓരോന്നായി പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ. വട ചെന്നൈയെപ്പോലെ തന്നെ ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും അരസൻ. മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Vijay Sethupathi will also be seen in Vetrimaaran's Arasan movie