'എന്താ മാഷേ അടിപൊളി', പൃഥ്വിയെ മലയാളം പറഞ്ഞ് ഞെട്ടിച്ച് രാജമൗലി; പൊട്ടിച്ചിരിച്ച് മഹേഷ് ബാബു

രാജമൗലിയ്ക്ക് പൃഥ്വി നല്‍കിയ മറുപടിയും സദസിനെ ചിരിപ്പിച്ചു.

'എന്താ മാഷേ അടിപൊളി', പൃഥ്വിയെ മലയാളം പറഞ്ഞ് ഞെട്ടിച്ച് രാജമൗലി; പൊട്ടിച്ചിരിച്ച് മഹേഷ് ബാബു
dot image

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരാണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൃഥ്വിരാജും രാജമൗലിയും തമ്മിലുള്ള ഒരു ചെറുസംഭാഷണമാണ് ഇക്കൂട്ടത്തില്‍ മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സ്റ്റേജില്‍ കാണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം ഇറങ്ങുകയായിരുന്നു പൃഥ്വിരാജ്. അപ്പോഴാണ് നടനെ ഞെട്ടിച്ചുകൊണ്ട് രാജമൗലി മലയാളത്തില്‍ സംസാരിച്ചത്.

സദസിലിരിക്കുകയായിരുന്ന രാജമൗലി 'എന്താ മാഷേ അടിപൊളി' എന്നായിരുന്നു മൈക്കിലൂടെ പൃഥ്വിയോട് പറഞ്ഞത്. ഇതുകേട്ട് പൃഥ്വി ഒന്ന് അതിശയിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 'നമുക്ക് കൊച്ചിയിലും കാണണം സാര്‍' എന്നാണ് പിന്നാലെ പൃഥ്വിരാജ് കൊടുത്ത മറുപടി. മഹേഷ് ബാബുവും സദസിലുള്ള എല്ലാവരും ഇവരുടെ മലയാളത്തിലെ വര്‍ത്തമാനം കേട്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

Varanasi movie poster

അതേസമയം, വാരാണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Content Highlights : A funny interaction between Prithviraj and SS Rajamouli during Varanasi movie event

dot image
To advertise here,contact us
dot image