

തന്റെ ചിത്രവും പേരും ഉപയോഗിച്ച് വാട്ട്സ്ആപ്പിൽ ഫോട്ടോഷൂട്ടുകളെക്കുറിച്ച് സന്ദേശമയച്ച് വ്യക്തികളെ കബളിക്കുന്നയാളെക്കുറിച്ച് മുന്നറിയിപ്പുമായി നടി അദിതി റാവു ഹൈദരി. വ്യക്തിപരമായ നമ്പർ ഉപയോഗിച്ച് ജോലിക്കായി താൻ ആളുകളെ ബന്ധപ്പെടാറില്ലെന്നും തന്റെ ഔദ്യോഗിക ടീം വഴി മാത്രമേ ബന്ധപ്പെടാറുള്ളുവെന്നും നടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് നടിയുടെ പ്രതികരണം.
'എല്ലാവർക്കും നമസ്കാരം, ഇന്ന് കുറച്ചുപേർ എന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഒരു കാര്യം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ വാട്ട്സ്ആപ്പിൽ എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ഞാനാണെന്ന് നടിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശമയക്കുന്നുണ്ട്. അത് ഞാനല്ല. ഞാൻ ഇങ്ങനെ ആരെയും സമീപിക്കാറില്ല, ജോലിക്കായി ഞാൻ വ്യക്തിപരമായ നമ്പറുകൾ ഉപയോഗിക്കാറുമില്ല.
എല്ലാ കാര്യങ്ങളും എന്റെ ഔദ്യോഗിക ടീം വഴിയാണ് നടക്കുന്നത്. ദയവായി ശ്രദ്ധിക്കുക, ആ നമ്പറുമായി ബന്ധപ്പെടരുത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, എന്റെ ടീമിനെ അറിയിക്കുക. എനിക്ക് പിന്തുണ നൽകുകയും എന്നെ സംരക്ഷിക്കുകയും ചെയ്യുക, എല്ലാവർക്കും നന്ദി,' അദിതി റാവു ഹൈദരി വ്യക്തമാക്കി.
അതേസമയം, സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ' എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അദിതി റാവു അവസാനമായി എത്തിയത്. ഹിന്ദി ചിത്രമായ 'പരിവാരിക് മനു രഞ്ജൻ', നിശ്ശബ്ദ ചിത്രമായ 'ഗാന്ധി ടോക്ക്സ്' എന്നിവയുൾപ്പെടെ വിവിധ പ്രോജക്റ്റുകളാണ് അദിതിയുടേതായി വരാനിരിക്കുന്നത്. സിനിമകളുടെ ചിത്രീകരണ തിരക്കിലാണ് നടിയിപ്പോൾ.
Content Highlights: Actress Aditi Rao warns about people sending fake messages in her name