

കൊച്ചി: എറണാകുളം- ബെംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണിതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കെ സി വേണുഗോപാൽ കത്ത് നൽകി. റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണ്. അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം. ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുന്നതാണിതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടൊരു സർക്കാർ, അതിന്റെ സംവിധാനത്തെയൊട്ടാകെ അങ്ങേയറ്റം സംഘിവത്കരിച്ചുകഴിഞ്ഞു. എറണാകുളത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ കണ്ട കാഴ്ച അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ്. സ്കൂൾ കുട്ടികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച്, അത് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവിടെ റെയിൽവേ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമമാണ് ഇവിടെ അരങ്ങേറുന്നത്. അതിനായി, പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കുട്ടികളുടെ തലച്ചോറിലും മനസ്സിലും വർഗീയവിഷം കുത്തിവെയ്ക്കുന്ന ആർഎസ്എസിന്റെ ദംഷ്ട്രകൾ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു. കപട ദേശീയതയുടെ വക്താക്കളായ ആർഎസ്എസും അവരുടെ രാഷ്ട്രീയ രൂപമായ ബിജെപിയും നമ്മുടെ ദേശീയ സങ്കൽപ്പങ്ങളെക്കൂടിയാണ് ഇവിടെ അപമാനിക്കുന്നത്. ദേശീയഗാനം മുഴങ്ങിക്കേൾക്കേണ്ട വേദികളിൽ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്, പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണെന്നും കെ സി കുറിപ്പിൽ പറയുന്നു.
ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയർന്നുവരണം. രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടേണ്ടതുണ്ട്. കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ഏത് വിധേനയും ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉദ്ഘാടനയോട്ടം നിർവഹിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരതിലാണ് ഒരു കൂട്ടം വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചത്. ഗാനാലാപനത്തിന്റെ വീഡിയോ റെയിൽവേ ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 'എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സംഭവത്തിൽ ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായിവർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർഎസ്എസിന്റെ വർഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിഷയത്തിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്തെത്തിയിരുന്നു. 'നാഗ്പൂരിലെ അപ്പൂപ്പൻമാർ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിർമിച്ചതെന്നായിരുന്നു സനോജിന്റെ വിമർശനം. ട്രെയിൻ നിർമിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണെന്നും ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതിയെന്നുമായിരുന്നു വി കെ സനോജിന്‍റെ വിമർശനം.
Content Highlights : k c venugopal reacts on rss ganageetham at Vande Bharat