'നല്ല വൃത്തിയ്ക്ക് കോപ്പി അടിച്ച് വെച്ചിട്ടുണ്ട്', വിജയ് ചിത്രം ജനനായകന്റെ പുതിയ പോസ്റ്ററിന് വിമർശനം

സാധാരണ വിജയ് സിനിമകളുടെ അപ്പ് ഡേറ്റിന് ലഭിക്കുന്ന ആവേശമൊന്നും സിനിമയുടെ പോസ്റ്ററിന് ലഭിച്ചില്ല എന്നുമാത്രമല്ല വിമർശനങ്ങളും നിറയുന്നുണ്ട്

'നല്ല വൃത്തിയ്ക്ക് കോപ്പി അടിച്ച് വെച്ചിട്ടുണ്ട്', വിജയ് ചിത്രം ജനനായകന്റെ പുതിയ പോസ്റ്ററിന് വിമർശനം
dot image

രാഷ്ട്രീയ പ്രവേശനം നടത്തിയ ശേഷം പുറത്തിറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. സാധാരണ വിജയ് സിനിമകളുടെ അപ്പ് ഡേറ്റിന് ലഭിക്കുന്ന ആവേശമൊന്നും സിനിമയുടെ പോസ്റ്ററിന് ലഭിച്ചില്ല എന്നുമാത്രമല്ല വിമർശനങ്ങളും നിറയുന്നുണ്ട്.

'മാൻ ഓഫ് സ്റ്റീൽ' എന്ന ഹെൻറി കാവിൽ നായകനായ സൂപ്പർമാൻ ചിത്രത്തിലെ പോസ്റ്ററുമായി വിജയ് സിനിമയുടെ പുത്തൻ പോസ്റ്ററിന് നല്ല സാമ്യം ഉണ്ട്. നല്ല വൃത്തിയ്ക്ക് കോപ്പി അടിച്ച് വെച്ചിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. വിജയ്‌യുടെ അവസാന ചിത്രമായത് കൊണ്ട് തന്നെ ജനനായകനിൽ ആരാധകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഫാൻസിനെ നിരാശരാക്കുന്ന വിധമാണ് അണിയറപ്രവർത്തകർ അപ്ഡേറ്റ് പങ്കിടുന്നതെന്നാണ് വിമർശനം.

ജനനായകന്റെ പുത്തൻ പോസ്റ്ററിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന വിജയ്ക്ക് ചുറ്റും അഭയം തേടി നിൽക്കുന്ന ജനങ്ങളുടെ ചിത്രമാണ് ഉള്ളത്. 'വീണ്ടും ജനങ്ങളുടെ രക്ഷകനോ?', 'ഇതാ പഴയ മാസ്സ് പരിപാടി തന്നെ', തുടങ്ങി നിരവധി കമന്റുകൾ പോസ്റ്ററിന് ലഭിക്കുന്നുണ്ട്. കരൂർ ദുരന്തത്തിന് ശേഷം സിനിമയുടെ റിലീസ് തീയതി മാറ്റിയെന്നൊരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ പുറത്തുവന്ന പോസ്റ്ററിലും ജനുവരി ഒൻപത് തന്നെയാണ് റിലീസ് തീയതിയായി പറഞ്ഞിരിക്കുന്നത്.

ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights:  Criticism over new poster of Vijay's film Jananayakaan

dot image
To advertise here,contact us
dot image