വിവാഹ ശേഷം വിദേശത്തേക്ക് പോയ ഭർത്താവിനായി യുവതി കാത്തിരുന്നത് 15 വർഷം; ഒടുവിൽ തേടിയെത്തിയത് മരണവാർത്ത

അഞ്ച് വര്‍ഷം മുന്‍പ് ഇയാള്‍ മരിച്ചിരുന്നെങ്കിലും കുറച്ച് ദിവസങ്ങൾ മുൻപാണ് ഈ വിവരം ഭാര്യ മനസിലാക്കുന്നത്

വിവാഹ ശേഷം വിദേശത്തേക്ക് പോയ ഭർത്താവിനായി യുവതി കാത്തിരുന്നത് 15 വർഷം; ഒടുവിൽ തേടിയെത്തിയത് മരണവാർത്ത
dot image

15 വര്‍ഷം മുന്‍പ് വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ കാത്തിരുന്ന ഭാര്യയെ തേടി ഒടുവിലെത്തിയത് ഭർത്താവിൻ്റെ മരണവാര്‍ത്ത. തെലങ്കാനയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞത്. ശേഷം ഭർത്താവ് ബഹ്റൈനിലേയ്ക്ക് പോവുകയായിരുന്നു. അഞ്ച് വര്‍ഷം മുന്‍പെ ഇയാള്‍ മരിച്ചിരുന്നെങ്കിലും കുറച്ച് ദിവസങ്ങൾ മുൻപാണ് ഈ വിവരം ഭാര്യ മനസിലാക്കുന്നത്.

തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ മെറ്റ്പ്പള്ളി പട്ടണത്തില്‍ താമസിച്ചിരുന്ന നരേഷിന്റെ മരണവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായ നരേഷിനെ മറ്റൊരു കുടുംബമാണ് എടുത്തു വളര്‍ത്തിയത്. ഇയാള്‍ ബഹ്റൈനിൽ ഒരു നിര്‍മ്മാണ കമ്പനി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് ലത എന്ന യുവതിയെ നരേഷ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇയാള്‍ ബഹ്റൈനിലേയ്ക്ക് ജോലിക്കായി മടങ്ങി. കുടുംബത്തെയോ ഭാര്യയയോ ഇയാള്‍ പിന്നീട് ബന്ധപ്പെട്ടില്ല. ഇവര്‍ തമ്മിലുള്ള അസ്വാസരസ്യങ്ങളാണ് നരേഷ് പിന്നീട് കുടുംബത്തെ ബന്ധപ്പെടാതിരിക്കാന്‍ കാരണം എന്നും പറയപ്പെടുന്നു. വര്‍ഷങ്ങളായി ഇയാളെ പറ്റി യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചിരുന്നില്ല.

എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് അസുഖത്തെ തുടര്‍ന്ന് നരേഷ് മരിക്കുകയായിരുന്നു. ഈ വിവരം ബന്ധുക്കളെ അറിയിക്കാന്‍ സാധിക്കാതെ വന്നതോടെ മൃതശരീരം ബഹ്റൈൻ ഗവണ്‍മെന്റ് സൂക്ഷിച്ചുവരികയായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യയായ ലത നരേഷ് മരിച്ചെന്ന വിവരം അറിയുന്നത്. മൃതശരീരം നരേഷിൻ്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതും ലത തന്നെയാണ്.

മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിന് പറ്റിയ സാഹചര്യം ഇല്ലെന്നാണ് ബഹ്റൈൻ ഗവണ്‍മെന്റ് അറിയിച്ചത്. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അവസരമുണ്ടാക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി നരേഷിന്റെ ബന്ധുക്കള്‍ ബഹറിനിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം.

Content Highlights- Woman Finds her husband died 5 years ago after missing for 15 years

dot image
To advertise here,contact us
dot image