

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ വിമര്‍ശനവുമായി സംവിധായക ശ്രുതി ശരണ്യം. സ്ത്രീപക്ഷ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാതെ പോയതിനെയാണ് ശ്രുതി ശരണ്യം വിമര്‍ശിക്കുന്നത്. ലൈംഗിക കുറ്റവാളികളെ ആഘോഷിക്കുന്നതില്‍ മടി കാണിക്കുന്നില്ലെന്നും ശ്രുതി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
'കേരള സ്റ്റേറ്റ് മസ്‌കുലിന്‍ അവാര്‍ഡ്‌സ്-ഹൈലൈറ്റ്‌സ്
എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകൾ ഉണ്ടായിരുന്നുളളൂവെന്നാണ് ജൂറി ചെയര്‍മാന്‍ തന്നെ പറഞ്ഞത്. എന്നിട്ട് അവര്‍ ഒരു 'ഹൊയ്‌ഡെനിഷ്' സിനിമയ്ക്കുമേല്‍ അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ, ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഷോഘിക്കുന്നു. 'ബഹുമാനപ്പെട്ട' ജൂറിയ്ക്ക് മെയിൽ ഗെയ്‌സ് എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വ്വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം', എന്നായിരുന്നു ശ്രുതി ശരണ്യത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം.
ഇന്നലെയായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്. നടൻ ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. അതേസമയം, അവാർഡിനെ ചുറ്റിപ്പറ്റി നിരവധി വിമർശങ്ങൾ ആണ് ഇപ്പോൾ ഉയരുന്നത്.
ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിലെ കുതന്ത്രം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം ലഭിച്ചത്. അതോടൊപ്പം ബാലചിത്രങ്ങൾക്കും ബാലതാരങ്ങൾക്കും അവാർഡ് നൽകാത്തതിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. ബാലതാരമായ ദേവനന്ദ ജൂറിക്കെതിരെ പോസ്റ്റ് പങ്കുവെക്കുക ഉണ്ടായി. കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്നും രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ മറ്റുള്ളവർക് അതൊരു ഊർജമായേനെ എന്നും ദേവനന്ദ പറഞ്ഞു. 'സ്‌കൂൾ ചലേ ഹം' എന്ന സിനിമയുടെ സംവിധായകൻ ശ്രീകാന്തും 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
Content Highlights: Shruthi Sharanyam about kerala state film awards