

കേരള സംസ്ഥാന അവാർഡിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ഇപ്പോഴിതാ സംഗീതജ്ഞയും കേരള സംഗീത നാടക അക്കാദമി വെെസ് ചെയര്‍ പേഴ്സണുമായ പുഷ്പവതി പൊയ്പാടത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. കേരളീയജാതി മനസ്സിൽ ഇപ്പോഴും പൂർണ്ണരായി കണക്കാക്കപ്പെടാത്ത മനുഷ്യർ അംഗീകരിക്കപ്പെടുമ്പോൾ അത് ഇന്നും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് പുഷ്പവതി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചെമ്പാവ് പുന്നെല്ലിൻ ചോറോ എന്ന ഗാനം 2011ൽ ബിജിബാലിൻ്റെ സംഗീതത്തിൽ സോൾട്ട് & പെപ്പർ എന്ന ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ ഞാൻ പാടിയ ഗാനമാണ്. ആ വർഷം ഇറങ്ങിയ ഗാനങ്ങളിൽ ഏറ്റവും ജനപ്രിയ ഗാനമായിരുന്നു അത്. ആ വർഷത്തെ ജനപ്രിയ ഗാനത്തിനോ അല്ലെങ്കിൽ പ്രത്യേക ജൂറി പരാമർശമോ ഒന്നും സംസ്ഥാന അവാർഡ് കമ്മിറ്റി ആ ഗാനത്തിനു തന്നില്ല. അതിനു ശേഷം അതേ ജോണറിൽ ഇറങ്ങിയ ഏനുണ്ടോടി, കാറ്റേ കാറ്റേ തുടങ്ങിയ ഗാനങ്ങൾക്ക് അവാർഡ് നൽകാൻ സംസ്ഥാന അവാർഡ് കമ്മിറ്റിക്ക് കഴിഞ്ഞു.
കേരളത്തിൽ നിന്ന് കിട്ടിയില്ലെങ്കിലും ഹൈദരാബാദിൽ വെച്ചു നടന്ന "സന്തോഷം സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ്" ആ ഗാനത്തിനു ലഭിച്ചു. ഹൈദരാബാദ് താജിൽ വെച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഉലകനായകൻ കമൽ ഹാസനിൽ നിന്നുമാണ് ആ പുരസ്കാരം ഏറ്റുവാങ്ങിയത്. കേരളം അത് അറിഞ്ഞത് പോലുമില്ല. കേരളീയജാതി മനസ്സിൽ ഇപ്പോഴും പൂർണ്ണരായി കണക്കാക്കപ്പെടാത്ത മനുഷ്യരുടെ പ്രതിനിധാനങ്ങൾക്ക് അംഗീകാരം കിട്ടുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടാകുന്ന അസ്വസ്ഥത ആകുലത.. എന്താല്ലേ"
ലൈംഗികാതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വേടനെ പിന്തുണച്ചുകൊണ്ടാണ് പുഷ്പാവതിയുടെ പോസ്റ്റ് എന്നാണ് വരുന്ന വ്യാഖ്യാനങ്ങള്‍. അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വേടനെ അഭിനന്ദിച്ചുകൊണ്ടുള്ള മറ്റൊരു പോസ്റ്റും പുഷ്പവതി പങ്കുവെച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്‌സിലെ 'കുതന്ത്രം' എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം
ലഭിച്ചത്.
സംസ്ഥാന അവാര്‍ഡ് ജൂറിക്കെതിരെ ഉയരുന്ന മറ്റൊരു വിമര്‍ശനം ബാലചിത്രങ്ങൾക്കും ബാലതാരങ്ങൾക്കും അവാർഡ് നൽകാത്തതുമായി ബന്ധപ്പെട്ടാണ്. അവാര്‍ഡിന് അര്‍ഹമായ രീതിയിലുള്ള സര്‍ഗാത്മകതയുള്ള ചിത്രങ്ങളില്ലായിരുന്നു എന്നായിരുന്നു ജൂറിയുടെ അഭിപ്രായം.
ജൂറിയുടെ തീരുമാനത്തിനെതിരെ ചിലര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
ബാലതാരമായ ദേവനന്ദ ജൂറിക്കെതിരെ പോസ്റ്റ് പങ്കുവെക്കുക ഉണ്ടായി. കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്നും രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ മറ്റുള്ളവർക് അതൊരു ഊർജമായേനെ എന്നും ദേവനന്ദ പറഞ്ഞു. 'സ്‌കൂൾ ചലേ ഹം' എന്ന സിനിമയുടെ സംവിധായകൻ ശ്രീകാന്തും 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
Content Highlights: Pushpavathy about Vedan award in state awards