മോഹൻലാലിന്റെ മകനെന്ന നിലയിൽ നമ്മൾ പെരുമാറുന്നത് പ്രണവിന് ഒട്ടും ഇഷ്ടമല്ല: ജിബിൻ ഗോപിനാഥ്

'രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ഞങ്ങൾ അങ്ങ് സിങ്ക് ആയി'

മോഹൻലാലിന്റെ മകനെന്ന നിലയിൽ നമ്മൾ പെരുമാറുന്നത് പ്രണവിന് ഒട്ടും ഇഷ്ടമല്ല: ജിബിൻ ഗോപിനാഥ്
dot image

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറേ ബോക്സ് ഓഫീസിൽ വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ പ്രണവിനൊപ്പം ജിബിൻ ഗോപിനാഥും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ പ്രണവിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

'പരിചയപ്പെട്ട ആദ്യ ദിവസങ്ങളിൽ ലാൽ സാറിന്റെ മകനാണല്ലോ എന്ന നിലയിൽ നമ്മൾ പ്രണവിനോട് പെരുമാറുമ്പോൾ പുള്ളിക്ക് അത് ഇഷ്ടമാകില്ലെന്ന് മനസിലായി. മറ്റൊരു പേരിന്റെ ബാധ്യതയും ഇല്ലാതെ അദ്ദേഹത്തെ സാധരണ ഒരു ആക്ടർ ആയി കാണാൻ തുടങ്ങിയപ്പോഴാണ് പ്രണവിനും അത് വർക്ക് ആയത്. പുള്ളി അതൊന്നും ആഗ്രഹിക്കുന്നില്ല എന്നാണ് മനസിലാകുന്നത്. അദ്ദേഹത്തിന്റേതായ ചിന്തകളുമായി പോകാനാണ് പ്രണവിന്റെ താത്പര്യം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ഞങ്ങൾ അങ്ങ് സിങ്ക് ആയി', ജിബിന്റെ വാക്കുകൾ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ജിബിൻ ഇക്കാര്യം മനസുതുറന്നത്‌.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് രണ്ട് ദിവസം കൊണ്ട് 26.22 കോടിയാണ് ഡീയസ് ഈറേയുടെ കളക്ഷൻ. പെയ്ഡ് പ്രീമിയർ ഷോയിൽ നിന്നും 1.93 കോടിയും ആദ്യ ദിവസം 9.77 കോടിയുമാണ് സിനിമ നേടിയത്. 14.52 കോടിയാണ് സിനിമയുടെ രണ്ടാം ദിന വേൾഡ് വൈഡ് കളക്ഷൻ. മൂന്ന് ദിവസങ്ങൾ കൂടി പൂർത്തിയാകുമ്പോൾ സിനിമ 40 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ.

ആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റിരിക്കുന്നത്. ഇതോടെ മഞ്ഞുമ്മല്‍ ബോയ്സ്, മാർക്കോ, ലോക, ഹൃദയപൂര്‍വ്വം, സിനിമകളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് വിൽപ്പനയെ മറികടന്നിരിക്കുകയാണ് 'ഡീയസ് ഈറേ'. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് 50 കോടി കളക്ഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

Content Highlights: Pranav doesn't like to be treated at Mohanlal's son says Jibin Gopinath

dot image
To advertise here,contact us
dot image