'നികുതിപ്പണമെടുത്ത് അവാർഡ് നൽകുമ്പോൾ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?'; വേടന്അവാർഡ് നൽകിയതിൽ ജോയ് മാത്യു

അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുക, ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം

'നികുതിപ്പണമെടുത്ത് അവാർഡ് നൽകുമ്പോൾ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?'; വേടന്അവാർഡ് നൽകിയതിൽ ജോയ് മാത്യു
dot image

വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയതിൽ വിമർശനം അറിയിച്ച് നടൻ ജോയ് മാത്യു. നിയമത്തിന്റെ കണ്ണിൽ സ്ത്രീ പീഡകനായിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നതെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. വേടന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം.

'അവാർഡ് കൊടുക്കുക തന്നെ വേണം. ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് ? അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും !അപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുക .അപ്പോൾ പിന്നെ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം. ഗുണപാഠം :ഇങ്ങനെയുള്ളവർ ഭാവിയിൽ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും,' ജോയ് മാത്യു പറഞ്ഞു.

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിലെ വിയര്‍പ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം.'യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്‌നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്', എന്നായിരുന്നു ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് പറഞ്ഞിരുന്നത്.

ഒരുപാട് സന്തോഷത്തിലാണെന്നും എടുക്കുന്ന പരിശ്രമത്തിനുള്ള സമ്മാനമാണ് ലഭിച്ചതെന്നും വേടന്‍ അവാർഡ് ലഭിച്ചതിന് ശേഷം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'പുരസ്‌കാരം ലഭിച്ചതില്‍ വളരെ വലിയ സന്തോഷമുണ്ട്. സുഹൃത്തുക്കളും മറ്റുമായി നില്‍ക്കുമ്പോളായിരുന്നു അവാര്‍ഡ് പ്രഖ്യാപനം കേട്ടത്. വളരെയധികം സന്തോഷം തോന്നി. അവാര്‍ഡ് ഉണ്ടോ ഇല്ലയോ എന്ന് അറിയാത്തതിനാല്‍ ഇരുന്ന് കാണുകയായിരുന്നു. പുരസ്‌കാരമുണ്ട് എന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ഒരു കലാകാരന്‍ എന്ന നിലയില്‍ കലാകാരന്റെ രാഷ്ട്രീയത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയായി പുരസ്‌കാരത്തെ കാണുന്നു.' വേടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Joy Mathew against giving state award to vedan

dot image
To advertise here,contact us
dot image