സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആഴ്ചകൾ; കേരള ഹൈക്കോടതിയിൽ ചുമതല ഏറ്റെടുക്കാതെ മദ്രാസ് ഹൈക്കോടതി ജഡ്ജി

ജഡ്ജി സ്ഥാനത്തെ സീനിയോറിറ്റി നഷ്ടപ്പെടുമെന്നതാണ് ചുമതല ഏറ്റെടുക്കാൻ വൈകുന്നതിലെ കാരണമെന്ന് സൂചന

സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആഴ്ചകൾ; കേരള ഹൈക്കോടതിയിൽ ചുമതല ഏറ്റെടുക്കാതെ മദ്രാസ് ഹൈക്കോടതി ജഡ്ജി
dot image

കൊച്ചി: സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരള ഹൈക്കോടതിയില്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാതെ മദ്രാസ് ഹൈക്കോടതി ജഡ്ജി. മധുര ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് നിഷ ബാനു ആണ് ജഡ്ജിയായി ചുമതലയേറ്റെടുക്കാന്‍ തയ്യാറാകാത്തത്.

ജഡ്ജി സ്ഥാനത്തെ സീനിയോറിറ്റി നഷ്ടപ്പെടുമെന്നതാണ് ജസ്റ്റിസ് നിഷ ബാനു കേരള ഹൈക്കോടതിയിലെ ജഡ്ജിയായി ചുമതലയേറ്റെടുക്കാന്‍ വൈകുന്നതിന്റെ കാരണമെന്നാണ് സൂചന. ജസ്റ്റിസ് നിഷ ബാനു ഉള്‍പ്പടെ 13 ജഡ്ജിമാരെ സ്ഥലംമാറ്റാന്‍ ഓഗസ്റ്റ് 27നാണ് സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനപ്രകാരം കേന്ദ്ര നിയമ മന്ത്രാലയം ഒക്ടോബര്‍ 15ന് വിജ്ഞാപനമിറക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ നിന്ന് കേരള ഹൈക്കോടതിയിലേക്ക് ആയിരുന്നു സ്ഥലംമാറ്റം. മറ്റ് 12 ജഡ്ജിമാരും അതത് ഹൈക്കോടതികളിലെത്തി ചുമതലയേറ്റെടുത്തു. എന്നാല്‍ സ്ഥലംമാറ്റ വിജ്ഞാപനത്തിന് പിന്നാലെ നീതിന്യായ ചുമതലകളില്‍ നിന്ന് ജസ്റ്റിസ് നിഷ ബാനു വിട്ടുനില്‍ക്കുകയാണ്.

സീനിയോറിറ്റി അനുസരിച്ച് മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് നിഷ ബാനു. കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി സ്ഥാനമേറ്റെടുത്താല്‍ ജസ്റ്റിസ് നിഷ ബാനുവിന്റെ സീനിയോറിറ്റി മൂന്നില്‍ നിന്ന് ഒന്‍പതിലേക്ക് താഴും. ഇതാണ് സ്ഥാനമേറ്റെടുക്കാന്‍ വൈകുന്നതിന് കാരണമെന്നാണ് സൂചന. ജസ്റ്റിസ് നിഷ ബാനുവിന്റെ സ്ഥലംമാറ്റത്തിനെതിരെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ അഭിഭാഷക അസോസിയേഷന്‍ രംഗത്തുവന്നിട്ടുണ്ട്. സീനിയോറിറ്റിയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥലംമാറ്റം നടപ്പാക്കരുതെന്നാണ് ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. അതേസമയം സ്ഥലംമാറ്റം അംഗീകരിച്ച് ചുമതലയേറ്റെടുക്കാന്‍ തയ്യാറാകാത്ത ജസ്റ്റിസ് നിഷ ബാനുവിന്റെ നടപടി ന്യായാധിപരുടെ അച്ചടക്കത്തിന് വിരുദ്ധമാണ് എന്നാണ് മദ്രാസ് ഹൈക്കോടതിയിലെ അന്‍പത് അഭിഭാഷകരുടെ സംഘം സ്വീകരിച്ച നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷക സംഘം രാഷ്ട്രപതിക്ക് കത്തയച്ചു.

നാഗര്‍കോവില്‍ സ്വദേശിയായ ജസ്റ്റിസ് നിഷ ബാനു 2016ലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയാകുന്നത്. ഒക്ടോബര്‍ 15ലെ സ്ഥലംമാറ്റ വിജ്ഞാപനം അനുസരിച്ച് കേരള ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് സിഎസ് സുധയെ ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ജസ്റ്റിസ് സിഎസ് സുധ യഥാസമയം ഡൽഹി ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റെടുക്കുകയും ചെയ്തു.

Content Highlights: Madras High Court judge refuses to take charge in Kerala High Court even after weeks of President's transfer order

dot image
To advertise here,contact us
dot image