
അനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്കയുടെ ഏറെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം സ്പിരിറ്റിന്റെ സൗണ്ട് സ്റ്റോറി പുറത്തിറങ്ങി. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രകാശ് രാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. ഒരുപാട് നാളുകളായി സ്പിരിറ്റിന്റെ ഒരു അപ്ഡേറ്റ് കാത്തിരുന്ന ആരാധകർക്ക് ഇന്ന് പ്രഭാസിന്റെ പിറന്നാൾ സമ്മാനമായി സന്ദീപ് നൽകിയതാണ് ഈ വീഡിയോ.
സ്പിരിറ്റിൽ നിന്നും ബോളിവുഡ് നായിക ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന വാർത്ത ഏറെ ചർച്ചാവിഷയം ആയിരുന്നു. സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദീപികയ്ക്ക് പകരം തൃപ്തി ഡിമ്രിയാണ് ചിത്രത്തിൽ നായികയാവുന്നത്.
2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്.
Content Highlights: Prabhas starrer new movie spirit update is out