
മമ്മൂട്ടിക്കൊപ്പം നിക്കുന്ന ചിത്രം പങ്കുവെച്ച് മനോജ് കെ ജയൻ. ബിഗ് ബി സിനിമയിലെ കിടിലൻ ഡയലോഗ് ആണ് മനോജ് കെ ജയൻ അടികുറിപ്പായി പങ്കുവെച്ചത്. കൂടാതെ മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടെന്നും അദ്ദേഹം വളരെ സന്തോഷവാനും ആരോഗ്യവാൻ ആയിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
'ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം…പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ..ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു…ദൈവത്തിനു നന്ദി', മനോജ് കെ ജയൻ കുറിച്ചു. മമ്മൂട്ടിയുടെ പാട്രിയറ്റ് സിനിമയുടെ ഷൂട്ടിംഗ് ലണ്ടനിൽ പുരോഗമിക്കുന്നതിന്റെ ഇടയിലാണ് മനോജ് അദ്ദേഹവുമായി ഫോട്ടോ എടുത്തത്.
ലണ്ടനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പക്കാ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. 30 ദിവസത്തെ ചിത്രീകരണം കൂടി ഇനി സിനിമയുടേതായി പൂർത്തിയാകാനുണ്ട്. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ എന്നാണ് റിപ്പോർട്ട്. അതേസമയം, പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ.
മഹേഷ് നാരായണൻ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ടീസറിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നടന്നുവരുന്ന ഷോട്ട് ഇതിനോടകം വൈറലാണ്. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന.
Content Highlights: Manoj K Jayan shares a photo with Mammootty in social media