

മലയാള സിനിമയിൽ നിരവധി നായികമാർക്ക് ശബ്ദം നൽകിയിട്ടുള്ള ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യ ലക്ഷ്മി. നടി ശോഭനയ്ക്കാണ് ഭഗായ ലക്ഷ്മി ഏറ്റവും കൂടുതൽ ഡബ്ബ് ചെയ്തിട്ടുള്ള. ഇപ്പോഴിതാ താൻ ഡബ്ബ് ചെയ്യേണ്ടായിരുന്നുവെന്ന് തോന്നിയ നടികളെക്കുറിച്ച് പറയുകയാണ് ഭാഗ്യ ലക്ഷ്മി. ഭാവനയ്ക്ക് ഡബ്ബ് ചെയ്തിട്ട് പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നുവെന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എനിക്ക് ഇപ്പോൾ ഡബ്ബ് ചെയ്യാൻ പേടിയാണ്. മലയാള സിനിമയിൽ എന്നേക്കാൾ കഴിവുള്ള നിരവധി ഡബ്ബിങ് ആർട്ടിസ്റ്റുകൾ എന്റെ കാലത്തും പിന്നീടും ഉണ്ടായിട്ടുണ്ട്. അവർ ആരും എന്നെപോലെ ഇത്രയും പുറത്ത് വന്ന് സംസാരിക്കാറില്ല. പൊതു വിഷയങ്ങളിൽ ഇടപ്പെടാറില്ല, ചാനലിൽ ഇരുന്ന് ഡിബേറ്റ് ചെയ്യാറില്ല. ഞാൻ ഇതെല്ലം ചെയ്തിട്ട് എന്റെ ശബ്ദം കേട്ട് കേട്ട് മനുഷ്യർക്ക് മടുത്തു. ഞാൻ ഇപ്പോൾ ഒരു ക്യാരക്ടർ ഡബ്ബ്ചെ യ്‌താൽ പോലും അതിനെ ആ കഥാപാത്രമായി ആളുകൾക്ക് കാണാൻ കഴിയുന്നില്ല.
എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് ഞാൻ ആണ്, ഞാൻ ചെയ്ത് വൃത്തികേടാക്കിയ സിനിമ ഏതാണെന്ന് ചോദിച്ചാൽ ഞാൻ എണ്ണിയെണ്ണി പറയാം. എന്റെ ശബ്ദം ഒരിക്കലും ചേരാത്ത ഒരാളാണ് ഭാവന. ഞാൻ ഭാവനയ്ക്ക് ഡബ്ബ് ചെയ്ത സിനിമ അടുത്തിടെ കണ്ടപ്പോൾ എന്തൊരു തെറ്റാണ് ചെയ്‌തത് എന്ന് തോന്നി. എന്തിനാണ് ഞാൻ ഭാവനയ്ക്ക് ഡബ്ബ് ചെയ്തത്, ഭാവനോട് പറയുമ്പോൾ അവർ ചിരിക്കും, എന്താ ഭാഗ്യ ചേച്ചി അങ്ങനെ തോന്നാൻ എന്നൊക്കെ പറയും. എന്നാലും നന്നായിരുന്നു എന്നൊന്നും പറഞ്ഞിട്ടില്ല ഭാവന. അത് ഞാൻ ചെയ്യരുതായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു.
നിത്യാ മേനോന് ഒരു സിനിമ ഡബ്ബ് ചെയ്തിട്ടുണ്ട്. അയ്യേ.. നിത്യയ്ക്ക് എന്റെ ശബ്ദം ചേരുന്നേയില്ല. ഇപ്പോൾ ആരെങ്കിലും ഡബ്ബിങ്ങിന് വിളിക്കുമ്പോൾ ഞാൻ വേണ്ട നിങ്ങൾ വേറെ ആരെയെങ്കിലും വിളിക്കാൻ പറയാറുണ്ട്. ഇപ്പോൾ എനിക്ക് ഡബ്ബ് ചെയ്യാൻ പേടിയായി തുടങ്ങി. ഇനി ഡബ്ബിങ് ചെയ്യണ്ടേ എന്ന് തോന്നുന്നുണ്ട്,' ഭാഗ്യ ലക്ഷ്മി പറഞ്ഞു.
Content Highlights: Bhagya Lakshmi says she feels like she doesn't have to do any more dubbing